അമേരിക്കൻ അതിർത്തിയിൽ ഫോൺ പരിശോധന കർശനമാക്കാൻ കോടതി ഉത്തരവ്

By: 600110 On: Sep 23, 2026, 9:52 AM

 

 

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ ഫോണിലുള്ള വിവരങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യു.എസ്. അതിർത്തിയിൽ വെച്ച് സഞ്ചാരികളുടെ മൊബൈൽ ഫോണുകൾ, യാതൊരുവിധ സംശയമോ പ്രത്യേക കാരണങ്ങളോ ഇല്ലാതെ തന്നെ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അമേരിക്കൻ കോടതി വിധിച്ചു.

സെപ്റ്റംബർ 17-നാണ് യു.എസ്. സെക്കൻഡ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ന്യൂയോർക്കിലെ ജെ.എഫ്.കെ (JFK) വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ സ്ഥിരതാമസക്കാരനായ ചിൻവെൻഡു അലിസിഗ്വെ എന്ന വ്യക്തിയുടെ ഫോൺ ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. മുൻപ് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ദേശീയ സുരക്ഷാ ആശങ്കകളോ ഉള്ളപ്പോൾ മാത്രമാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ വിശദമായ ഫോൺ പരിശോധന നടത്തിയിരുന്നത്. എന്നാൽ പുതിയ വിധിപ്രകാരം മുൻകൂട്ടി കാരണം വ്യക്തമാക്കാതെ തന്നെ ഉദ്യോഗസ്ഥർക്ക് ഫോണുകൾ പരിശോധിക്കാം.

സാധാരണ പരിശോധനയിൽ ഫോണിലെ വിവരങ്ങൾ നേരിട്ട് നോക്കുകയാണ് ചെയ്യുന്നത്. എന്നാൽ 'അഡ്വാൻസ്ഡ് പരിശോധന'യിൽ ഫോൺ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് വിവരങ്ങൾ വിശകലനം ചെയ്യാനും പകർത്തിയെടുക്കാനും സാധിക്കും. ഇതേ തുടർന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ഫോണിലുള്ള രഹസ്യസ്വഭാവമുള്ള സന്ദേശങ്ങളും ആപ്പുകളും രേഖകളും ഒഴിവാക്കാൻ സുരക്ഷാ വിദഗ്ദ്ധർ നിർദ്ദേശിച്ചു. സ്വകാര്യത സംരക്ഷിക്കുന്നതിനായി യാത്രയ്ക്ക് മാത്രമായി ഒരു 'ബർണർ ഫോൺ' ഉപയോഗിക്കുന്നതും ഉചിതമായിരിക്കും.

ഉദ്യോഗസ്ഥരുടെ പരിശോധനയോട് സഹകരിക്കാൻ വിസമ്മതിച്ചാൽ ഫോൺ പിടിച്ചെടുക്കാനോ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കാനോ അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ട്.  അതിർത്തിയിൽ എല്ലാ യാത്രക്കാരുടെയും ഫോണുകൾ പരിശോധിക്കാറില്ല. 2025-ൽ അതിർത്തി കടന്ന 41.9 കോടി അന്താരാഷ്ട്ര യാത്രക്കാരിൽ 55,424 പേരുടെ ഫോണുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. അതേസമയം, വ്യാപാര നികുതി തർക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം കാനഡക്കാരുടെ യു.എസ്. യാത്രകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2024-ൽ 3.9 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം 2025-ൽ 2.91 കോടിയായി കുറഞ്ഞു.