പലസ്തീന് 100 ദശലക്ഷം ഡോളറിൻ്റെ പുതിയ ധനസഹായം പ്രഖ്യാപിച്ച് കാനഡ. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇക്കാര്യം അറിയിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങൾക്കാണ് ഈ സഹായം ലഭിക്കുക.
പ്രഖ്യാപിച്ച തുകയിൽ 80 ദശലക്ഷം ഡോളറും ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകാനാണ് ഉപയോഗിക്കുക. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾര്ര് ആശ്വാസമേകാനും പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാനുമാണിത്. ബാക്കി 20 ദശലക്ഷം ഡോളർ സുരക്ഷാ പദ്ധതികൾക്കായി നീക്കിവെക്കും. പ്രാദേശിക സുരക്ഷാ സേനയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ തുക ഉപയോഗിക്കും. പലസ്തീൻ പോലീസിന് പരിശീലനം നൽകുന്നതിൽ കാനഡ ദീർഘകാലമായി സഹകരിക്കുന്നുണ്ട്. മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള കാനഡയുടെ ഉറച്ച പ്രതിബദ്ധതയാണ് ഈ പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.