കാനഡയിലെ ആൽബർട്ടയിൽ പെട്രോളിന്റെയും ഡീസലിന്റെയും പ്രവിശ്യാ നികുതി താൽക്കാലികമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ അവസാനം വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മാസങ്ങളായി ഉയർന്നുവന്ന ജനങ്ങളുടെ ആവശ്യ പരിഗണിച്ചാണ് ഈ നടപടി. ലിറ്ററിന് 13 സെൻ്റ് വീതമാണ് പെട്രോളിനും ഡീസലിനും പ്രവിശ്യാ സർക്കാർ നികുതി ഈടാക്കിയിരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യു.ടി.ഐ. (WTI) ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 80 യു.എസ്. ഡോളറിന് മുകളിലെത്തിയാൽ നികുതി ഇളവ് നൽകുന്ന രീതിയാണ് ആൽബർട്ടയിലുള്ളത്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയത്ത് ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 90.54 ഡോളറിലെത്തിയ സാഹചര്യത്തിലാണ് നികുതി ഒഴിവാക്കിയത്. ഇതിനൊപ്പം, ഫെഡറൽ ഇന്ധന എക്സൈസ് നികുതി ഒഴിവാക്കുന്നത് 2027 ജനുവരി അവസാനം വരെ നീട്ടാൻ കാനഡയിലെ ഫെഡറൽ സർക്കാരും തീരുമാനിച്ചിട്ടുണ്ട്.
നികുതി ഇളവിൻ്റെ പൂർണ്ണ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിലെ വില സർക്കാർ നേരിട്ട് നിരീക്ഷിക്കും. ഉപഭോക്താക്കളിൽ നിന്ന് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ രണ്ട് വർഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുന്ന മാസങ്ങളിലും എണ്ണവില നിരീക്ഷിച്ച് നികുതി ഇളവ് നീട്ടുന്ന കാര്യം പരിശോധിക്കുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.