ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ചങ്ങനാശേരി മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിലെ ഇന്ത്യന്‍-യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്, പ്രവാസി കേരള കോണ്‍ഗ്രസ്, ഫോമാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണച്ചടങ്ങ്
സംഘടിപ്പിച്ചത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ഇടയാടി അധ്യക്ഷത വഹിച്ചു. ബ്രൂസ് കൊളമ്പേല്‍ എംസിയായി ചടങ്ങ് നിയന്ത്രിച്ചു.
ഫിനാന്‍സ് ഡയറക്ടര്‍ സണ്ണി കരിക്കല്‍ മുഖ്യാതിഥിയായ അഡ്വ. ജോബ് മൈക്കിളിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു.
ചങ്ങനാശേരിയുടെ വികസനത്തിനായി അഡ്വ. ജോബ് മൈക്കിള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ശ്രീ. ജോമോന്‍ ഇടയാടി പറഞ്ഞു. ചങ്ങനാശേരിയിലെ ജനങ്ങള്‍ ഇന്നും അഡ്വ.ജോബ് മൈക്കിളിനെ തങ്ങളുടെ നേതാവായി സ്‌നേഹത്തോടെയും ആദരവോടെയും ഓര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ. ജോബ് മൈക്കിള്‍ മുമ്പും സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ശ്രീ. സണ്ണി കാരിക്കല്‍
ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് പ്രവാസി കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, തോമസ് ചെറുകര, ജോണപ്പന്‍ വാലിമറ്റം, മേജര്‍ സൈമണ്‍ കരിക്കല്‍, ജോസ് ചാത്തയില്‍, സാം മുടിയൂര്‍കുന്നേല്‍, സണ്ണി മുകടന്‍ എന്നിവര്‍ അഡ്വ. ജോബ് മൈക്കിളിനെ പൊന്നാട അണിയിച്ചും ആശംസകള്‍ നേര്‍ന്നും ആദരിച്ചു.
സ്വീകരണത്തിന് മറുപടിയായി അഡ്വ. ജോബ് മൈക്കിള്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാരവാഹികള്‍ക്കും സംഘാടകര്‍ക്കും ഹൃദയപൂര്‍വം
നന്ദി അറിയിച്ചു. കേരള കോണ്‍ഗ്രസ് എന്നും കേരളത്തിലെ ജനങ്ങളോടൊപ്പം, പ്രത്യേകിച്ച് സഹായവും പിന്തുണയും ഏറ്റവും ആവശ്യമായ ജനവിഭാഗങ്ങളോടൊപ്പം, ഉറച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിന്റെ സമാപനത്തില്‍ ബ്രൂസ് കൊളംബെല്‍ എല്ലാ വിശിഷ്ടാതിഥികള്‍ക്കും സംഘാടകര്‍ക്കും പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ഒരുക്കിയിരുന്ന സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.