ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി സി സർക്കാർ. ബി സി പ്രീമിയറും എൻ.ഡി.പി. നേതാവുമായ ഡേവിഡ് ഇബിയാണ് പ്രവിശ്യയിൽ സ്നാപ് ഇലക്ഷൻ പ്രഖ്യാപിച്ചത്. ഒക്ടോബർ 24 ശനിയാഴ്ചയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 17-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു ആഴ്ചയ്ക്ക് ശേഷമാണിത്.
നാടിൻ്റെ ഭാവിവഴി ഏതെന്ന് തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരം നൽകാനാണ് ഈ തിരഞ്ഞെടുപ്പെന്ന് ഡേവിഡ് ഇബി വ്യക്തമാക്കി. മുൻഗണന നൽകേണ്ട പൊതുസേവനങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും, എതിർകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ഭിന്നതയും അരാജകത്വവുമാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ഈ തീരുമാനത്തിനെതിരെ കൺസർവേറ്റീവ് പാർട്ടിയും വാൻകൂവർ മേയറും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഭൂരിപക്ഷമുള്ളൊരു സർക്കാർ ജനങ്ങളുടെ ദശലക്ഷക്കണക്കിന് ഡോളർ നികുതിപ്പണം വെറുതെ ചെലവാക്കി പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് നിരാശാജനകമാണെന്ന് കൺസർവേറ്റീവ് ഇടക്കാല നേതാവ് ലോൺ ഡോർക്സൺ വിമർശിച്ചു. ഒക്ടോബർ 17-ന് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സംഘാടനത്തിന് വൻ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയുടെ രാഷട്രീയ ലാഭം മാത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.