പരിശുദ്ധാത്മാവ് മരിച്ചിടത്ത് ജീവനും, നിരാശയുള്ളിടത്ത് പ്രത്യാശയും നല്‍കുന്നുവെന്നു റവ പി സി ജെയിംസ്

By: 600002 On: Sep 23, 2026, 8:44 AM



പി പി ചെറിയാന്‍

ഒക്കലഹോമ :പരിശുദ്ധാത്മാവ് വിശ്വാസിയുടെ ജീവിതത്തില്‍ എന്നേക്കും വസിക്കുന്ന സാന്നിധ്യമാണ്  അവന്‍ മരിച്ചിടത്ത് ജീവനും നിരാശയുള്ളിടത്ത് പ്രത്യാശയും നല്‍കുന്നുവെന്നു റവ പി സി ജെയിംസ് അഭിപ്രായപ്പെട്ടു .നോര്‍ത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സെപ്റ്റംബര്‍ 20 മുതല്‍ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍  മൂന്നാം ദിനം കേരളത്തില്‍ നിന്നും സൂം പ്ലാറ്റുഫോമിലൂടെ  മുഖ്യ സന്ദേശം നല്‍കുകയായിരുന്നു മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ ജെയിംസ്

പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവ് ശക്തിയായി വന്നപ്പോള്‍ ശിഷ്യന്മാരിലും ജനങ്ങളിലും വലിയ മാറ്റമുണ്ടായി. അവര്‍ പ്രാര്‍ത്ഥനയ്ക്കും കൂട്ടായ്മയ്ക്കും പ്രാധാന്യം നല്‍കി. പരസ്പരം പങ്കുവെച്ചും ഒരു മനസ്സോടെയും ജീവിച്ച അവരുടെ കൂട്ടായ്മയിലൂടെ സഭ വളര്‍ന്നു. 'കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു'. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്

ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇന്നും പ്രവര്‍ത്തനനിരതനാണ്. എന്നാല്‍ അവന്റെ പ്രവര്‍ത്തനത്തിന് നാം നമ്മുടെ ജീവിതം പൂര്‍ണ്ണമായി വിധേയപ്പെടുത്തണം.മനുഷ്യന്റെ പരിമിതികള്‍ ദൈവപ്രവര്‍ത്തനത്തിന് തടസ്സമല്ല . പ്രതിസന്ധികളിലും പ്രളയത്തിലും പോലും 'കര്‍ത്താവ് കൂടെയുണ്ട്' എന്ന വിശ്വാസത്തോടെ ജീവിക്കാന്‍ ശക്തനാക്കുന്നത്  പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മാവിന് വിധേയപ്പെട്ട ഒരു ജനമായി ജീവിക്കാനും, അവിടത്തെ സ്‌നേഹത്തിനും സാക്ഷ്യത്തിനുമായി നമ്മെത്തന്നെ സമര്‍പ്പിക്കാനും ഈ ധ്യാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അച്ചന്‍ കൂട്ടിച്ചേര്‍ത്തു .പരിശുദ്ധാത്മാവേ, ഞങ്ങളില്‍ പ്രവര്‍ത്തിക്കണമേ; ഞങ്ങളെ നിറച്ച് അങ്ങയുടെ സാക്ഷികളാക്കി മാറ്റണമേ എന്ന പ്രാര്‍ത്ഥനയോടെ അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു

ഒക്ലഹോമ മാര്‍ത്തോമാ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സമ്മേളനം വിശ്വാസികളുടെയും സഭാസ്നേഹികളുടെയും സജീവ സാന്നിധ്യത്താല്‍ യോഗം ശ്രദ്ധേയമായി.

ആരംഭത്തില്‍ റവ. കെ. എം. മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഒക്ലഹോമ ക്വയര്‍ ആലപിച്ച മനോഹരമായ ഗാനം സഭയ്ക്ക് ആത്മീയ അനുഭൂതി പകര്‍ന്നു.

മിസ്റ്റര്‍ വര്‍ഗീസ് ചാണ്ടപ്പിള്ള സ്വാഗതം പറഞ്ഞു . റവ. എബ്രഹാം വി. സാംസണ്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായി മിസ്റ്റര്‍ ചാക്കോ തോമസും, മിസ്സിസ് ഓമന ചാണ്ടപ്പിള്ളയും പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മിസ്സിസ് സോസമ്മ കോശി വേദപുസ്തക ഭാഗം വായിച്ചു.

യോഗത്തിലെ മുഖ്യ പ്രഭാഷണം എം.ടി.വി.ഇ.എ. ജനറല്‍ സെക്രട്ടറി റവ. പി. സി. ജെയിംസ് നിര്‍വഹിച്ചു. സഭാമക്കള്‍ക്ക് ഏവര്‍ക്കും പ്രചോദനമാകുന്ന ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചത്.

ചടങ്ങിന്റെ അവസാന ഘട്ടത്തില്‍ മിസ്സിസ് ഷിജി ടോം ഫിലിപ്പ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും, റവ. കെ. എം. മാത്യു സമാപന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. റവ. പി. സി. ജെയിംസിന്റെ ആശീര്‍വാദത്തോടുകൂടി യോഗം പര്യവസാനിച്ചു.