മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

By: 600002 On: Sep 22, 2026, 6:32 PM




ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച ഗായികയും ഛായാഗ്രഹണവും ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ നേടിയത്. 2024 ലെ സിനിമകള്‍ക്കുള്ള എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ നഗറില്‍ നടന്നു.

കാണികളെ ത്രസിപ്പിച്ച ഒന്നാന്തരം വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി അമിതാഭ് ബച്ചന്റെ റെക്കോഡിനൊപ്പം എത്തിക്കഴിഞ്ഞു. പരിമിതികളെ പൊരുതി തോല്‍പ്പിച്ച് 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയിലെ 'അങ്ങ് വാന കോണില് ' എന്ന ഗാനത്തിന് മികച്ച ഗായികയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വൈക്കം വിജയലക്ഷ്മിക്ക് വന്‍ കൈയ്യടി ആയിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്.