യുകെയില്‍ തൃശൂര്‍ സ്വദേശി സേവ്യര്‍ ലോനപ്പന്‍ അന്തരിച്ചു

By: 600002 On: Sep 22, 2026, 6:17 PM



പ്രസാദ് തീയാടിക്കല്‍

വാര്‍മിന്‍സ്റ്റര്‍: യുകെയിലെ വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശി സേവ്യര്‍ ലോനപ്പന്‍ (44) അന്തരിച്ചു.

മൂന്ന് വര്‍ഷം മുന്‍പാണ് സേവ്യര്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച രാവിലെ ഡേ ഷിഫ്റ്റിന് പോകേണ്ടിയിരുന്ന സേവ്യര്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. പ്രതികരിക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും മെഡിക്കല്‍ എമര്‍ജന്‍സി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം മരണം സ്ഥിരീകരിച്ചു.

സംഭവസമയത്ത് ഭാര്യ ജോലിസ്ഥലത്തായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വിവരമറിഞ്ഞ് ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന സേവ്യറിന്റെ സഹോദരിയും ഭര്‍ത്താവും വാര്‍മിന്‍സ്റ്ററിലെത്തി. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംസ്‌കാരം പിന്നീട് യുകെയില്‍.