ട്രക്ക് ഡ്രൈവിംഗ് പരിശീലനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ഒൻ്റാരിയോ സർക്കാർ

By: 600110 On: Sep 22, 2026, 10:25 AM

 

വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രക്ക് ഡ്രൈവർമാരുടെ പരിശീലനത്തിലും ലൈസൻസിംഗിലും കടുത്ത പരാജയം സംഭവിച്ചുവെന്ന ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ തുടർന്ന് പരിശീലന രീതികൾ ഏകീകരിക്കാൻ ഒന്റാറിയോ സർക്കാർ തീരുമാനിച്ചു. മന്ത്രി പ്രഭ്മീത് സർക്കാരിയയാണ് പ്രൊവിൻസിലുടനീളം നിർബന്ധിതവും ഏകീകൃതവുമായ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഡ്രൈവർമാരുടെ പരിശീലന കേന്ദ്രങ്ങളുടെ അപാകതകൾ ഉൾപ്പെടെ റോഡപകടങ്ങൾക്ക് കാരണമാകുന്നു എന്ന വിമർശനത്തിനുള്ള മറുപടിയായാണ് ഈ നടപടി.

ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് നടത്തിയ അന്വേഷണത്തിൽ പല സ്വകാര്യ കരിയർ കോളേജുകളും പരിശീലന സമയത്തിലും വൈദഗ്ധ്യത്തിലും വൻതോതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ആവശ്യത്തിന് പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കാതെയും, പ്രധാന റോഡുകളിലെ തിരിവുകൾ, എമർജൻസി സ്റ്റോപ്പിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കാതെയുമാണ് പല കേന്ദ്രങ്ങളും ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കൂടാതെ, പ്രൊവിൻസിലെ ഭൂരിഭാഗം ഡ്രൈവിംഗ് കോളേജുകളിലും സർക്കാരിന്റെ കൃത്യമായ പരിശോധന നടന്നിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അടുത്ത വർഷം മുതൽ നിലവിൽ വരുന്ന പുതിയ പാഠ്യപദ്ധതി പ്രകാരം ക്ലാസ് എ  ലൈസൻസിനായി കുറഞ്ഞത് 103 മണിക്കൂറിലധികം പരിശീലനം നിർബന്ധമാക്കും. ഡ്രൈവർമാരുടെ ക്ഷീണം നിയന്ത്രിക്കൽ , ഗ്രാമീണ-മേഖലകളിലെ ഡ്രൈവിംഗ്, എയർ ബ്രേക്ക് പരിശീലനം, മനുഷ്യക്കടത്തിനെതിരെയുള്ള ബോധവൽക്കരണം എന്നിവ പുതിയ സിലബസിന്റെ ഭാഗമായിരിക്കും. ഡ്രൈവിംഗ് സ്കൂളുകൾ നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.