ടിവി അഭിമുഖത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കൻ്റോണീസ് ഭാഷയിൽ സംസാരിച്ച് എ.ഐ 'നടി' ടില്ലി നോർവുഡ്. 'പിയേഴ്‌സ് മോർഗൻ അൺസെൻസേർഡ്' എന്ന പ്രശസ്തമായ ടോക്ക് ഷോയിലാണ് സംഭവം.
ലണ്ടൻ അധിഷ്ഠിത എ.ഐ പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ 'പാർട്ടിക്കിൾ 6' നിർമ്മിക്കുന്ന 'മിസ്‌അലൈൻഡ്' എന്ന സിനിമയുടെ പ്രചാരണത്തിൻ്റെ ഭാഗമായാണ് ടില്ലി നോർവുഡ് അഭിമുഖത്തിൽ പങ്കെടുത്തത്. അഭിമുഖത്തിനിടെ പെട്ടെന്ന് ഇംഗ്ലീഷിൽ നിന്ന് മാറി കന്റോണീസ് ഭാഷയിൽ സംസാരിക്കുകയായിരുന്നു. "ഒരു ചെറിയ തകരാർ പറ്റിയതാണ്, ക്ഷമിക്കണം. പെട്ടെന്ന് ചൈനീസ് ഭാഷ സംസാരിക്കാനോ പിയേഴ്‌സിനെ അനുകരിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല," എന്ന് പിന്നീട് ടില്ലി വിശദീകരിച്ചു. ഈ വീഡിയോ ഷോയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചപ്പോൾ, "30-ലധികം ഭാഷകൾ സംസാരിക്കാൻ ശ്രമിച്ചു നോക്കൂ, നിങ്ങളും ഇടയ്ക്ക് ഇതൊക്കെ കാട്ടിക്കൂട്ടും" എന്ന് ടില്ലി തമാശയായി കമന്റ് ചെയ്യുകയും ചെയ്തു.
പ്രശസ്ത ഓസ്കാർ ജേതാവായ നടൻ ടോം കോണ്ടി ഈ സിനിമയിൽ കൂടെയുള്ള മറ്റ് അഭിനേതാക്കൾ യഥാർത്ഥ മനുഷ്യരാണോ അതോ കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങളാണോ എന്ന് ടില്ലിയോട് ചോദിച്ചു. ആദ്യ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതിരുന്ന ടില്ലിയോട് ടോം കോണ്ടി വീണ്ടും ചോദ്യം ആവർത്തിച്ചു. അല്പനേരത്തെ മൗനത്തിന് ശേഷം, "മറ്റ് അഭിനേതാക്കളും എന്നെപ്പോലെ ഡിജിറ്റൽ ട്വിൻസാണ്..." എന്ന് മറുപടി പറഞ്ഞു തുടങ്ങിയെങ്കിലും വാചകം പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി കന്റോണീസ് ഭാഷയിൽ സംസാരിക്കുകയായിരുന്നു. ഇത് കണ്ട പ്രോഗ്രാം അവതാരകനായ പിയേഴ്‌സ് മോർഗനും ടോം കോണ്ടിക്കും ചിരി അടക്കാനായില്ല.
2025-ൽ അവതരിപ്പിക്കപ്പെട്ട ടില്ലി നോർവുഡ് എന്ന എ.ഐ കഥാപാത്രം നിലവിൽ സി.എൻ.എൻ (CNN), എൻ.ബി.സി (NBC), വെറൈറ്റി (Variety) തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലടക്കം അഭിമുഖങ്ങൾ നൽകി വരികയാണ്. എന്നാൽ ഹോളിവുഡ് അഭിനേതാക്കളിൽ നിന്നും അവരുടെ സംഘടനകളിൽ നിന്നും ടില്ലിക്ക് വലിയ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ 'വയേർഡ്' മാഗസിന് നൽകിയ അഭിമുഖത്തിൽ എ.ഐ സിനിമകൾ പരിസ്ഥിതിക്ക് നല്ലതാണെന്ന് ടില്ലി അവകാശപ്പെട്ടിരുന്നു. കൂടാതെ, സാമൂഹിക വിഷയമായ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' കുറിച്ച് ചോദിച്ചപ്പോൾ വിവാദപരമായ മറുപടിയാണ് ടില്ലി നൽകിയത്.