റിപ്പയർ ചെയ്തതിൻ്റെ പിറ്റേന്ന് ഹ്യുണ്ടായി കാർ കത്തിയമർന്നു; നഷ്ടപരിഹാരത്തിനായി ഉടമയുടെ കാത്തിരിപ്പ്

By: 600110 On: Sep 22, 2026, 10:13 AM

 

 

കാനഡയിൽ വാഹനങ്ങൾ കത്തിയുണ്ടാകുന്ന അപകടങ്ങൾ ആശങ്കയാകുന്നു.  റിപ്പയർ ചെയ്തതിൻ്റെ പിറ്റേന്ന് ഹ്യുണ്ടായി കാർ കത്തിയമർന്ന സംഭവവും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. ജൂൺ ഒൻപതിന് നടന്ന സംഭവത്തിൽ ഹൈസ്കൂൾ പ്രിൻസിപ്പലായ ജേസൺ പെല്ലെറ്റിയർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

ഡീലർഷിപ്പിൽ നിന്ന് സർവീസ് ചെയ്ത് തൊട്ടടുത്ത ദിവസം ടൊറൻ്റോയിലെ തിരക്കേറിയ ഹൈവേയിലൂടെ ഓടിക്കുന്നതിനിടെയാണ് ഹ്യുണ്ടായ് സാൻ്റാ ഫെ കാറിന് തീപിടിച്ചത്. 
രാവിലെ ജോലിക്ക് പോകുന്നതിനിടെ കാറിൻ്റെ എഞ്ചിനിൽ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് കണ്ട പെല്ലെറ്റിയർ വാഹനം റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിനും ബ്രേക്കും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പ്രയാസപ്പെട്ട് പുറത്തിറങ്ങി 20 സെക്കൻഡിനകം കാറിൻ്റെ മുൻഭാഗം വലിയ സ്ഫോടനത്തോടെ കത്തിനശിക്കുകയായിരുന്നു. 
തീപിടുത്തത്തിന് തൊട്ടുമുൻപത്തെ ദിവസമാണ് എഞ്ചിനിലെ ഹെഡ് ഗാസ്കറ്റ് മാറ്റാൻ പെല്ലെറ്റിയർ വാഹനം ഡീലർഷിപ്പിൽ നൽകിയത്. സർവീസിന് ശേഷം കാർ തിരികെ എടുത്തപ്പോൾ കരിയുന്ന മണം അനുഭവപ്പെട്ടെങ്കിലും, പണിക്കുശേഷമുള്ള അവശിഷ്ടങ്ങൾ മൂലമാകാം ഇതെന്നാണ് സർവീസ് മാനേജർ അറിയിച്ചത്.

പിറ്റേന്ന് യാത്രയ്ക്കിടെ എഞ്ചിൻ കൺട്രോൾ സിസ്റ്റത്തിൽ തകരാറുണ്ടെന്നും വാഹനം ഉടൻ പരിശോധിക്കണമെന്നും കാറിലെ ടച്ച്‌സ്‌ക്രീനിൽ മുന്നറിയിപ്പ് തെളിഞ്ഞു. ഇതേക്കുറിച്ച് സർവീസ് മാനേജർക്ക് വീണ്ടും മെസ്സേജ് അയച്ചെങ്കിലും മറുപടി ലഭിക്കുന്നതിന് മുൻപ് തന്നെ വാഹനം കത്തുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഹ്യുണ്ടായ് കാനഡ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എഞ്ചിനീയറിംഗ് ടീം അന്വേഷണം നടത്തുന്നുണ്ടെന്ന് ഡീലർഷിപ്പും അറിയിച്ചു.

കാനഡയിൽ വാഹനങ്ങളിലെ തീപിടുത്തങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. 2016 ജനുവരി ഒന്ന് മുതൽ 2026 സെപ്റ്റംബർ എട്ട് വരെയുള്ള പത്ത് വർഷത്തിനിടെ കാനഡയിൽ റിപ്പോർട്ട് ചെയ്ത 1,140 വാഹന തീപിടുത്തങ്ങളിൽ 168 എണ്ണവും ഹ്യുണ്ടായ് വാഹനങ്ങളിലാണ് ഉണ്ടായത്. ഈ പട്ടികയിൽ ഫോർഡിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായ്.
ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാർ മൂലം തീപിടുത്ത സാധ്യത മുന്നിൽ കണ്ട് 2023-ൽ 3,20,000-ത്തിലധികം വാഹനങ്ങൾ ഹ്യുണ്ടായ് തിരിച്ചെടുത്തിരുന്നു. പെല്ലെറ്റിയറുടെ വാഹനം ഈ റീകോളിൽ ഇല്ലായിരുന്നെങ്കിലും, മുൻപ് മറ്റ് രണ്ടു റീകോളുകളിൽ ഉൾപ്പെട്ടിരുന്നതാണ്.

കാറിൻ്റെ അന്നത്തെ മൂല്യമായ 22,000 ഡോളറും വാടക കാറിന്റെ ചെലവും ഇൻഷുറൻസ് കമ്പനി പെല്ലെറ്റിയർക്ക് നൽകിയെങ്കിലും, കാറിലുണ്ടായിരുന്ന 5,000 ഡോളറിലധികം വിലമതിക്കുന്ന വ്യക്തിഗത സാധനങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഫോറൻസിക് അന്വേഷണം തുടരുകയാണ്.