വലിയ പദ്ധതികൾക്ക് വേഗത്തിൽ അനുമതി: പുതിയ നിയമനിർമ്മാണവുമായി ലിബറൽ സർക്കാർ

By: 600110 On: Sep 22, 2026, 10:07 AM

പാർലമെൻ്റ് സമ്മേളനത്തിൻ്റെ ആദ്യദിനത്തിൽ തന്നെ പ്രമുഖ വികസന പദ്ധതികൾക്ക് വേഗത്തിൽ അംഗീകാരം നൽകാനുള്ള നിർണായക ബിൽ ലിബറൽ സർക്കാർ സഭയിൽ അവതരിപ്പിച്ചു. എന്നാൽ, ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങൾ തൊഴിലാളികളുടെ സമരാവകാശത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് തൊഴിലാളി സംഘടനകൾ.

'ബിൽ C-39' എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിലൂടെ വൻകിട പദ്ധതികളുടെ അവലോകനവും അനുമതി നൽകൽ പ്രക്രിയയും വേഗത്തിലാക്കി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ, ജോബ്‌സ് മിനിസ്റ്റർ പാറ്റി ഹാജ്ഡു, മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടത്. 

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ നടന്ന നിക്ഷേപ സംഗമത്തിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. കാനഡയിലെ 150-ലേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്ക് ഒരു ട്രില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം കൊണ്ടുവരികയാണ് ലക്ഷ്യം. പാരിസ്ഥിതിക മാനദണ്ഡങ്ങളും തദ്ദേശീയരുടെ അവകാശങ്ങളും പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് തന്നെയാകും പദ്ധതികൾ നടപ്പിലാക്കുകയെന്ന് സർക്കാർ വ്യക്തമാക്കി. 

എന്നാൽ ഇതുമായി ബന്ധപ്പെട്ട് കാനഡ ലേബർ കോഡിൽ വരുത്തുന്ന മാറ്റങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും പണിമുടക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്നുമാണ് യൂണിയനുകളുടെ ഭയം. ബില്ലിന്റെ തുടർന്നുള്ള നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് കനേഡിയൻ ലേബർ കോൺഗ്രസ് പ്രസിഡന്റ് ബീ ബ്രൂസ്കെ അറിയിച്ചു. സമരാവകാശം സംരക്ഷിക്കുമെന്ന വാഗ്ദാനം പ്രായോഗികതലത്തിൽ എങ്ങനെ നടപ്പിലാകുമെന്ന് കണ്ടറിയണം. അമേരിക്കയുമായുള്ള വ്യാപാര തർക്കം തുടരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ സമരാവകാശത്തിന്മേൽ വരുന്ന ഒരു നിയന്ത്രണവും അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബില്ലിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പഠിച്ച ശേഷം ലേബർ ക്രിട്ടിക് പ്രതികരിക്കുമെന്ന് കൺസർവേറ്റീവ് ഹൗസ് ലീഡർ ആൻഡ്രൂ ഷീർ വ്യക്തമാക്കി. വ്യാപാര തർക്കങ്ങൾ ഉണ്ടാക്കിയ അനിശ്ചിതത്വം മുതലെടുത്ത്, ജനവിധിയില്ലാത്ത തീരുമാനങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് എൻ.ഡി.പി നേതാവ് ആവി ലൂയിസ് വിമർശിച്ചു.
നിലവിൽ സഭയിൽ കേവലഭൂരിപക്ഷമുള്ളതിനാൽ ലിബറൽ സർക്കാരിന് ബിൽ പാസാക്കിയെടുക്കുക പ്രയാസകരമാകില്ലെന്നാണ് വിലയിരുത്തൽ.