കറുത്ത വർഗ്ഗക്കാരിയായ യുവതിയോട് വംശീയ വിവേചനം കാണിച്ചതിന് വാൻകൂവർ പോലീസ് ബോർഡിന് 25,000 ഡോളർ നഷ്ടപരിഹാരം നൽകാൻ ബ്രിട്ടീഷ് കൊളംബിയ ഹ്യൂമൻ റൈറ്റ്സ് ട്രിബ്യൂണൽ ഉത്തരവിട്ടു. 2021 മാർച്ചിൽ നടന്ന സംഭവത്തിൽ, മാന്യമായ രീതിയിൽ പോലീസിനോട് സംസാരിക്കാൻ ശ്രമിച്ച ആഞ്ചെല മില്ലർ എന്ന കറുത്ത വർഗ്ഗക്കാരിയായ സ്ത്രീയെ ഉദ്യോഗസ്ഥർ കൈവിലങ്ങ് വയ്ക്കുകയും കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെളുത്ത വർഗ്ഗക്കാരായ പൗരന്മാരോട് പോലീസ് കാണിക്കുന്ന മര്യാദയോ പരിഗണനയോ മില്ലറോട് കാണിച്ചില്ലെന്നും, അവർ കറുത്ത വർഗ്ഗക്കാരിയായതാണ് പോലീസിന്റെ ഈ പരുക്കൻ പെരുമാറ്റത്തിന് പ്രധാന കാരണമായതെന്നും ട്രിബ്യൂണൽ കണ്ടെത്തി.
വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് മില്ലറും കെട്ടിട ഉടമയും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെടാൻ എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. വാടക നൽകാൻ തയ്യാറാണെന്ന് മില്ലർ വ്യക്തമാക്കുകയും കൈവശമുണ്ടായിരുന്ന പണം പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തിട്ടും, ഓഫീസർമാർ ഇവരെ കേൾക്കാൻ തയ്യാറായില്ല. തുടര്‍ന്ന്, ഒരു തടസ്സവുമുണ്ടാക്കാതിരുന്ന മില്ലറെ അനാവശ്യമായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ കൈകടത്തലും മോശം പെരുമാറ്റവും കാരണം തനിക്ക് കടുത്ത മാനസിക ആഘാതവും വംശീയമായ അപമാനവും നേരിടേണ്ടി വന്നുവെന്ന് കാണിച്ചാണ് മില്ലർ ട്രിബ്യൂണലിനെ സമീപിച്ചത്.
കേസിൽ വിധി പ്രഖ്യാപിച്ച ട്രിബ്യൂണൽ അംഗം, പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുകയായ 25,000 ഡോളർ മില്ലർക്ക് നൽകുന്നതിന് പുറമെ, പോലീസുകാർക്ക് നൽകുന്ന ആൻ്റി റെയ്‌സിസം പരിശീലനത്തിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്താനും വാൻകൂവർ പോലീസ് ബോർഡിനോട് ഉത്തരവിട്ടിട്ടുണ്ട്. പോലീസിൽ നിലനിൽക്കുന്ന വ്യവസ്ഥാപിതമായ വംശീയ വിവേചനത്തിന് തെളിവാണ് ഈ വിധിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ പ്രതികരിച്ചു.