യൂറോപ്യൻ യൂണിയനുമായി കൂടുതൽ പങ്കാളിത്തത്തിന് കാനഡ ശ്രമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ. ബ്രാന്റ്ഫോർഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യവെ, കാനഡ ഒരിക്കലും യൂറോപ്യൻ യൂണിയന്റെ "28-ാമത് അംഗരാജ്യം" ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയ്ക്ക് യൂറോപ്പുമായി നിലവിൽ തന്നെ സ്വതന്ത്ര വ്യാപാര കരാറും നാറ്റോ വഴിയുള്ള ശക്തമായ പ്രതിരോധ സഹകരണവുമുണ്ടെന്നും, അതിനപ്പുറം യൂറോപ്യൻ നികുതി വ്യവസ്ഥകളും നിയമങ്ങളും കുടിയേറ്റ നയങ്ങളും രാജ്യത്തേക്ക് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പൊയിലീവ്രെ വ്യക്തമാക്കി.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കാനഡയെ ഇ.യു.വിന്റെ ആദ്യ അസോസിയേറ്റ് അംഗം ആക്കാൻ താല്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പൊയിലീവ്രെയുടെ പ്രതികരണം. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്പുമായുള്ള പങ്കാളിത്തം വർധിപ്പിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കാനഡയെ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ വാഷിംഗ്ടണിലോ ബ്രസൽസിലോ അല്ല, മറിച്ച് കനേഡിയൻ ജനത തദ്ദേശീയമായി തന്നെയാണ് എടുക്കേണ്ടതെന്ന് പൊയിലീവ്രെ കൂട്ടിപ്പേർത്തു.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും ആഗോളതലത്തിൽ ബന്ധങ്ങൾ വിപുലീകരിക്കാനും ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിലപാട്. സാമ്പത്തിക സഹകരണം, ചെറുപ്പക്കാർക്കുള്ള അവസരങ്ങൾ എന്നിവ മുന്നിൽ കണ്ടുള്ള ഈ പങ്കാളിത്ത കരാർ പാർലമെന്റിൽ ചർച്ച ചെയ്ത് വോട്ടെടുപ്പിലൂടെ മാത്രമേ അന്തിമമായി തീരുമാനിക്കൂ എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്