ഫെഡറൽ സർക്കാരിൽ നിന്ന് ആൽബർട്ട നേരിട്ട അവഗണനകളെക്കുറിച്ച് ഓർമിപ്പിക്കവെ വികാരാധീനയായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. കാനഡയിൽ ആൽബർട്ടയുടെ ഭാവി എന്താകണം എന്നതിനെക്കുറിച്ച് മുൻ പ്രതിപക്ഷ നേതാവ് പ്രെസ്റ്റൺ മാന്നിംഗ്, മുൻ ബി.സി പ്രീമിയർ ഗോർഡൻ കാംബെൽ എന്നിവർ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
കാനഡയിൽ തന്നെ തുടരണമോ അതോ രാജ്യത്തുനിന്ന് വേർപിരിയുന്നതിനുള്ള നിയമനടപടികൾക്കായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്ന് തീരുമാനിക്കുന്ന റഫറണ്ടം ഒക്ടോബർ 19-ന് നടക്കാനിരിക്കുകയാണ്. കാനഡയ്ക്കുള്ളിൽ തന്നെ ആൽബർട്ട ഒരു പരമാധികാര ശക്തിയായി നിലനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് സ്മിത്ത് ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്. ഫെഡറൽ സർക്കാരിന്റെ നിലപാടുകൾ കാരണം ആൽബർട്ടയിലെ ജനങ്ങൾ കടുത്ത ദേഷ്യത്തിലും മനോവിഷമത്തിലുമാണെന്ന് അവർ പറഞ്ഞു. കർഷകരുടെ ദുരവസ്ഥയെക്കുറിച്ചും സാധാരണക്കാരായ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും സംസാരിക്കവേ അവർ കണ്ണ് നിറഞ്ഞ്, വാക്കുകൾ കിട്ടാതെ വിങ്ങിപ്പൊട്ടി.
കഴിഞ്ഞ 10 വർഷമായി ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനാണ് ഫെഡറൽ സർക്കാർ ശ്രമിച്ചതെന്ന് തോന്നിയതായി സ്മിത്ത് കുറ്റപ്പെടുത്തി. എണ്ണ-വാതക ഉൽപ്പാദന നിയന്ത്രണം അടക്കമുള്ള വിഷയങ്ങളിൽ ആൽബർട്ട ശക്തമായി നിലകൊണ്ടതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഒടുവിൽ തങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ അനാവശ്യ ഇടപെടലുകളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം കണക്കിലെടുത്താണ് ഒക്ടോബറിൽ റഫറണ്ടം നടത്താൻ തീരുമാനിച്ചത്.
അതേസമയം, പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ചേർന്ന് ഊർജ്ജ കരാറുണ്ടാക്കാനും പുതിയ വെസ്റ്റ് കോസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനും സാധിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് പ്രീമിയർ പറഞ്ഞു. "നമ്മൾ കാര്യങ്ങൾ നേടിയെടുക്കാൻ തുടങ്ങുന്ന ഈ സമയത്ത് എന്തിനാണ് ചർച്ചകളിൽ നിന്ന് പിന്മാറുന്നത്?" എന്ന് അവർ ചോദിച്ചു.
എന്നാൽ, ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ തീവ്ര നിലപാടുകാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് സ്മിത്ത് ഇത്തരം വേർപിരിയൽ ചർച്ചകൾക്ക് തീകൊളുത്തുന്നതെന്ന് പ്രതിപക്ഷമായ എൻ.ഡി.പി ആരോപിച്ചു.