കാനഡയിലെ പ്രമുഖ സ്വകാര്യ ഭാഷാ പഠന കേന്ദ്രമായ 'ഇൻ്റർനാഷണൽ ലാംഗ്വേജ് അക്കാദമി ഓഫ് കാനഡ' (ILAC) പ്രവർത്തനം അവസാനിപ്പിക്കുകയും പാപ്പരത്ത ഹർജി നൽകുകയും ചെയ്തു. നിലവിലുള്ള എല്ലാ ക്ലാസുകളും പ്രോഗ്രാമുകളും റദ്ദാക്കിയതായി സ്ഥാപനം അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഈ മേഖലയിലുണ്ടായ കടുത്ത നിയന്ത്രണങ്ങളും പ്രതിസന്ധികളും കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതാണ് സ്ഥാപനം അടച്ചുപൂട്ടാൻ കാരണമെന്ന് അധികൃതർ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ടൊറന്റോ, വാങ്കൂവർ എന്നിവിടങ്ങളിൽ ക്യാംപസുകളുണ്ടായിരുന്ന സ്ഥാപനം തുടർന്നു കൊണ്ടുപോകാൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.
പഠന കേന്ദ്രത്തിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും മറ്റ് പങ്കാളികളെയും ബാധിക്കുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഇതിലുണ്ടായ പ്രയാസങ്ങളിൽ ഖേദിക്കുന്നുവെന്നും സ്ഥാപനം വ്യക്തമാക്കി. പാപ്പരത്ത നടപടികൾക്കായി ലൈസൻസ്ഡ് ഇൻസോൾവൻസി ട്രസ്റ്റിയായി 'KPMG Inc.' നെ നിയമിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
വിദേശ വിദ്യാർത്ഥികൾക്കായി കഴിഞ്ഞ 30-ലധികം വർഷങ്ങളായി ILAC പ്രവർത്തിച്ചു വരികയായിരുന്നു. നിലവിലെ പ്രോഗ്രാമുകൾ, സേവനങ്ങൾ, ഇനി സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബാധിക്കപ്പെട്ടവരെ നേരിട്ട് അറിയിക്കുകയും വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.