സി വി സാമുവേല്‍
ഡട്രോയിറ്റ്: സെപ്റ്റംബര്‍ 20 ഞായറാഴ്ച, ഡട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയില്‍ സീനിയര്‍ സിറ്റിസണ്‍സ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തില്‍ വെച്ച നടന്ന ചടങ്ങില്‍ 70 വയസ്സിന് മുകളിലുള്ള 37 മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
ഇടവക വികാരി റവ. ജോബിന്‍ ജോസിന്റെ ആമുഖ പ്രാര്‍ത്ഥനയോടെയും ആമുഖത്തോടെയും ചടങ്ങുകള്‍ ആരംഭിച്ചു. ഇടവക സെക്രട്ടറി വിനോദ് തോമസ് ഏവരെയും സ്വാഗതം ചെയ്യുകയും ആദരിക്കപ്പെടുന്നവരുടെ പേരുകള്‍ വായിക്കുകയും ചെയ്തു. ഡട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ വിലയേറിയ സംഭാവനകളെ ഇടവക ഇവര്‍ക്ക് നന്ദി അറിയിച്ചു.
വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബന്‍ ജോര്‍ജ് എന്നിവരും ചേര്‍ന്ന് 37 ഇടവകാംഗങ്ങള്‍ക്ക് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. റവ. പി. ചാക്കോയുടെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി അനുമോദന യോഗം സമാപിച്ചു. ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.