പി പി ചെറിയാന്‍
ബാല്‍ട്ടിമോര്‍: മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ ഫെഡറല്‍ ഹില്‍ മേഖലയില്‍ വാരാന്ത്യത്തിലുണ്ടായ വിവിധ വെടിവെയ്പ്പ് സംഭവങ്ങളില്‍ രണ്ട് കൗമാരക്കാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെയുളള സമയത്തിനുള്ളില്‍ നഗരത്തില്‍ കുറഞ്ഞത് 10 വെടിവെയ്പ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമല്ലെന്നും അപകടനഘട്ടം തരണം ചെയ്തതായും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ക്രോസ് സ്ട്രീറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെസ്റ്റ് ക്രോസ് സ്ട്രീറ്റിന്റെയും സൗത്ത് ചാള്‍സ് സ്ട്രീറ്റിന്റെയും കവലയ്ക്ക് സമീപം വെടിയേറ്റ നിലയില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെയും 26 വയസ്സുള്ള യുവാവിനെയും പൊലീസ് കണ്ടെത്തുകയായിരുന്നു.
തെളിവുകള്‍ സംരക്ഷിക്കുന്നതിനായി വെസ്റ്റ് ക്രോസ് സ്ട്രീറ്റും സൗത്ത് ചാള്‍സ് സ്ട്രീറ്റും ചേരുന്ന കവല പൊലീസ് പൂര്‍ണ്ണമായി ബാരിക്കേഡ് വെച്ച് അടച്ചു. കൂടാതെ, ലൈറ്റ് സ്ട്രീറ്റില്‍ നിന്ന് വെസ്റ്റ് ക്രോസ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതും പൊലീസ് തടഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം പൊലീസ് കാറുകളുടെ വെളിച്ചത്തില്‍ സതേണ്‍ ഡിസ്ട്രിക്റ്റ് ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തിവരികയാണ്.
ഈ വെടിവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ ഡിറ്റക്ടീവുകളെ 410-396-2499 എന്ന നമ്പറിലോ അല്ലെങ്കില്‍ മെട്രോ ക്രൈം സ്റ്റോപ്പേഴ്‌സിനെ 1-866-7LOCKUP എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.