കാരുണ്യത്തിൻ്റെ അപൂർവ്വ മാതൃക: രണ്ട് പേർക്ക് പുതുജീവൻ നൽകി മേഗൻ റോസെമ

By: 600110 On: Sep 19, 2026, 10:27 AM

 

തീർത്തും അപരിചിതരായ രണ്ടുപേർക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്ത് മാതൃകയാവുകയാണ് കാനഡയിലെ ആൽബെർട്ട സ്വദേശിയായ മേഗൻ റോസെമ.  ജീവിച്ചിരിക്കുമ്പോൾ തന്നെ രണ്ട് പേർക്ക് അവയവദാനം നടത്തുന്ന ആദ്യത്തെ ആൽബർട്ടക്കാരി കൂടിയായിരിക്കുകയാണ് ഈ യുവതി.

ചെറുപ്പത്തിൽ മാതാപിതാക്കൾ പതിവായി രക്തദാനം ചെയ്യുന്നത് കണ്ടാണ് മേഗൻ വളർന്നത്. 2018-ൽ ഫെയ്‌സ്ബുക്കിൽ വൃക്ക ദാതാവിനെ തിരഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് കണ്ടതാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവ് മേഗന് നൽകിയത്. 'ഗിവ് ലൈഫ് ആൽബെർട്ട' എന്ന സംഘടനയുമായി ബന്ധപ്പെട്ട മേഗൻ, 2021-ലാണ് തന്റെ കരളിന്റെ ഒരു ഭാഗം ആദ്യമായി ദാനം ചെയ്യുന്നത്. ഒരു വയസ്സ് പോലും തികയാത്തൊരു കുഞ്ഞിനാണ് ഈ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തുണയായത്.

രണ്ട് ശസ്ത്രക്രിയകൾക്കിടയിൽ നിർബന്ധമായും രണ്ടു വർഷത്തെ ഇടവേള ആവശ്യമായിരുന്നതിനാൽ, ആ കാത്തിരിപ്പിന് ശേഷം മേഗൻ തന്റെ വൃക്കയും ദാനം ചെയ്തു. വർഷങ്ങളായി ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തിയിരുന്ന ഒരു വ്യക്തിക്കാണ്  വൃക്ക നല്കിയത്. ജീവിച്ചിരിക്കെ രണ്ട് അവയവങ്ങൾ ദാനം ചെയ്ത ആൽബർട്ടയിൽ നിന്നുള്ള  ആദ്യ വ്യക്തിയും കാനഡയിൽ തന്നെ വിരലിലെണ്ണാവുന്നവരിൽ ഒരാളുമാണ് മേഗൻ. സെപ്റ്റംബർ 13 മുതൽ 19 വരെയുള്ള 'ലിവിങ് ഡൊണർ അവെയർനസ്' വാരത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫ് അൽബെർട്ട ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മേഗൻ പങ്കെടുത്തു.

നിലവിൽ കാനഡയിൽ 500-ലധികം ആളുകളാണ് അവയവം മാറ്റിവെക്കലിനായി കാത്തിരിക്കുന്നത്. ഇതിൽ 400 പേർക്കും ആവശ്യമായിട്ടുള്ളത് വൃക്കയാണ്. ഒരു വൃക്കയോ കരളിന്റെ ഒരു ഭാഗമോ ദാനം ചെയ്താലും ആരോഗ്യമുള്ള സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് മേഗൻ റോസെമ.