കനേഡിയൻ യുവാക്കൾക്ക് സ്കിൽഡ് ട്രേഡ് മേഖലയിൽ അവസരങ്ങൾ ഒരുക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. യുവാക്കൾക്ക് നേരിട്ട് തൊഴിൽ പരിചയം ഉറപ്പാക്കുന്നതിനായി നാല് മാസം നീളുന്ന ട്രെയിനിങ് പ്രോഗ്രാമാണ് സർക്കാർ ആരംഭിക്കുന്നത്. 2027 തുടക്കത്തോടെ നിലവിൽ വരുന്ന ഈ പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 880 ദശലക്ഷം ഡോളറാണ് മാറ്റിവെക്കുന്നത്.
റെഡ് സീൽ ട്രേഡിൽ അപ്രന്റീസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്ക് 5,000 ഡോളർ ബോണസ് ലഭിക്കും. ഈ വരുന്ന ശരത്കാലം (Fall) മുതൽ ഇതിനായി അപേക്ഷിക്കാം. 2025 ഏപ്രിൽ 1-നോ അതിനു ശേഷമോ സർട്ടിഫിക്കറ്റ് നേടിയവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. തൊഴിലന്വേഷകരെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ 'ബിൽഡ് കാനഡ അപ്രന്റീസ്ഷിപ്പ് സർവീസ്' ഉടൻ പ്രാബല്യത്തിൽ വരും. അപ്രന്റീസുകളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 ഡോളർ വരെ സാമ്പത്തിക സഹായം (ഗ്രാന്റ്) നൽകും.
സാങ്കേതിക പരിശീലനം നേടുന്ന അപ്രന്റീസുകൾക്ക് എംപ്ലോയ്മെന്റ് ഇൻഷുറൻസിന് പുറമെ ആഴ്ചയിൽ 400 ഡോളർ വീതം നൽകുന്ന 'അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് ഗ്രാന്റ്' 2027 സ്പ്രിങ് സീസണിൽ ആരംഭിക്കും. പ്രീ-അപ്രന്റീസ്ഷിപ്പ്, സാങ്കേതിക പരിശീലനങ്ങൾ എന്നിവ വിപുലീകരിക്കുന്നതിനായി വിവിധ പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമായി 2 ബില്യൺ ഡോളർ ലഭ്യമാക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
രാജ്യത്തിനാവശ്യമായ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹാജ്ദു പറഞ്ഞു. 2024 മുതൽ 2033 വരെയുള്ള കാലയളവിൽ കാനഡയിലെ നൈപുണ്യ തൊഴിൽ മേഖലയിൽ 14 ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.