പ്രസാദ് തീയാടിക്കല്‍
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പോര്‍ഷെ മാകാനും ടൊയോട്ട കൊറോളയും കൂട്ടിയിടിച്ചുണ്ടായ ദാരുണ വാഹനാപകടത്തില്‍ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), ഭര്‍തൃമാതാവ് രാമാദേവി (67) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബര്‍ 16 രാത്രി ഏകദേശം 9.40ന് മെല്‍ബണിലെ പോയിന്റ് കുക്കില്‍ Boardwalk Boulevard-Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോര്‍ഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. Victoria Policeന്റെ ഔദ്യോഗിക വിവരമനുസരിച്ച് ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. പോര്‍ഷെ ഓടിച്ചിരുന്ന 53കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു നെഹ. മൂന്നര വയസ്സുള്ള ഹാരവും ഒരു വയസ്സുള്ള വിവാന്‍വിയുമാണ് മക്കള്‍. അടുത്തിടെയാണ് കുടുംബം ഇളയ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.
രാമാദേവി ഭര്‍ത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദര്‍ശിക്കാനായി ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലെത്തിയതായിരുന്നു.
അപകടത്തെ തുടര്‍ന്ന് കുടുംബത്തെ സഹായിക്കുന്നതിനായി മെല്‍ബണിലെ തെലുങ്ക് സമൂഹം ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ത്യയിലെ വിശാഖപട്ടണത്തെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി Victoria Police Major Collision Investigation Unit അന്വേഷണം തുടരുകയാണ്.