ടൊറൻ്റോയിൽ അപൂർവ്വ ബാക്ടീരിയ രോഗബാധ: 'ലിജിയണെയർ' രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

By: 600110 On: Sep 18, 2026, 1:00 PM

 

ടൊറൻ്റോയിൽ ലിജിയണെയർ  രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റി ആരോഗ്യവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി. ടൊറൻ്റോയിലെ ബാത്തർസ്റ്റ്, ഡ്യൂപോണ്ട് സ്ട്രീറ്റുകൾക്ക് സമീപം ഒന്നര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കുമായി ആറോളം പേർക്കാണ് ബാക്ടീരിയ മൂലം ശ്വാസകോശ അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധയുടെ ഉറവിടം കണ്ടെത്താനായി സമീപപ്രദേശങ്ങളിലെ വാട്ടർ കൂളിംഗ് ടവറുകളിലും ജലവിതരണ സംവിധാനങ്ങളിലും സാമ്പിൾ പരിശോധനകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് നേരിട്ട് പടരുന്ന രോഗമല്ലാത്തതിനാൽ പൊതുജനങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എയർകണ്ടീഷണറുകൾ, കൂളിംഗ് ടവറുകൾ, ഹോട്ട് ടബ്ബുകൾ തുടങ്ങിയ കൃത്രിമ ജലവിതരണ ശൃംഖലകളിൽ വളരുന്ന 'ലിജിയണെല്ല' എന്ന ബാക്ടീരിയ അടങ്ങിയ ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. പനി, ചുമ, ശ്വാസതടസ്സം, പേശിവേദന എന്നിവയാണ് ഈ അസുഖത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.

കടുത്ത ശ്വാസകോശ അണുബാധയ്ക്കും  ഇത് കാരണമായേക്കാം. അതിനാൽ മുതിർന്ന പൗരന്മാർ, പുകവലിക്കുന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് നിർദ്ദേശിച്ച പ്രാദേശിക ഭരണകൂടം, മുൻകരുതൽ നടപടിയെന്ന നിലയിൽ രോഗ സാധ്യതയുള്ള കെട്ടിടങ്ങളിലെ ജലസംവിധാനങ്ങൾ ശുദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.