'ഞങ്ങളതിൽ ഇടപ്പെട്ടിരുന്നെങ്കിൽ മതവിദ്വേഷം ആളിപടർന്നേനെ.' വത്സല(ഭാഗം 6)

By: 600009 On: Nov 6, 2021, 4:52 PM

Story Written By:, Abraham George, Chicago

രണ്ടു വർഷം കഴിഞ്ഞ് അബു വീട്ടിൽ തിരിച്ചെത്തി. കൂട്ടുകാരുടെ വൻവരവേൽപ്പാണ് നടന്നത്. അബുവിന്റെ കുടുംബത്തിലും അതിയായ സന്തോഷമാണ് കണ്ടത്. അന്യജാതിയിൽപ്പെട്ട ഒരു പെണ്ണ് തലയിൽ നിന്ന് പോയല്ലോയെന്ന സന്തോഷമായിരുന്നു വീട്ടുകാർക്കുണ്ടായത്. അവളുടെ മരണത്തിൽ ദുഃഖം ആരിലും അശേഷം കണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അബുവിന്  വത്സലയുടെ വീടുവരെയൊന്ന് പോകണമെന്ന് തോന്നി. കൂട്ടുകാരോട് അവനാഗ്രഹം പറഞ്ഞു.

"അതിൻ്റെ ആവശ്യമുണ്ടോ അബു", കൂട്ടുകാരനിൽ മൊയ്തു ചോദിച്ചു.

"അവൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണന് എനിക്കറിയണം" അബു പറഞ്ഞു. അപ്പോളാണ് രഹസ്യങ്ങൾ പുറത്തായത്.

''അബു'' , കൂട്ടുകാരിലൊരാൾ പറഞ്ഞു: "ഞങ്ങളൊരു കാര്യം പറയാം, നീ അത് ശാന്തമായി കേൾക്കണം, ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വത്സല ആത്മഹത്യ ചെയ്യതതല്ല, അവളെ കൊന്നതാണ്. അതിൻ്റെ സത്യാവസ്ഥ ഞങ്ങൾക്കറിയില്ല. അങ്ങനെയൊരു കേൾവിയുണ്ട്. ആലോചിക്കുമ്പോൾ അതാണ് സത്യമെന്നും തോന്നുന്നു. "

അബു ഞെട്ടിപ്പോയി...! "എന്താ നിങ്ങളീപറയണത്. സത്യമെനിക്കറിയണം. അവൾ സ്വയം മരിച്ചില്ലായെങ്കിൽ പിന്നെയെങ്ങനെ മരിച്ചു."

കൂട്ടുകാരൻ പറഞ്ഞു: "നീയിനി അറിഞ്ഞിട്ടെന്തിനാണ്, വർഷം രണ്ടായില്ലേ? നിനക്കിനിയൊന്നും ചെയ്യാനാവില്ല. എല്ലാം മറക്കുക, അതാണ് നല്ലത്."

" എന്നാലും എൻ്റെ വത്സല മരിച്ചതെങ്ങനെയാണന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ? നിങ്ങൾക്കത് അറിയില്ലേ? അറിഞ്ഞേ എനിക്ക് പറ്റു."

"എല്ലാം പറയാം അബു," കൂട്ടുകാരിലൊരാളായ മാധവൻ പറഞ്ഞു. "ആ കഥയൊരു ട്രാജഡിയാണ്. നീ ഇവിടെയുണ്ടായിരുന്നെങ്കിൽ തീർച്ചയായും അവൾ മരിക്കില്ലായിരുന്നു." അബുവിൻ്റെ ക്ഷമ നശിച്ചു.

"നിങ്ങൾ കാര്യം പറയൂ.  അവളെയാര് കൊന്നു. എന്നിട്ട് ഒരു പോലീസ് കേസ്സുമുണ്ടായില്ലേ?"

"എല്ലാം ഞാൻ പറയാം" മാധവൻ പറഞ്ഞു:

"ഒരു രാത്രി വത്സല നിൻ്റെ വീട്ടിലേക്ക് ഓടിക്കയറി, എന്നെ രക്ഷിക്കണം ബാപ്പായെന്ന്, നിൻ്റെ ബാപ്പയോട് അപേക്ഷിച്ചു. ബാപ്പയെന്താണ് സംഭവമെന്നറിയാതെ അന്തംവിട്ടുനിന്നു. അപ്പോളെക്കും ഞങ്ങളെല്ലാവരും ഓടിക്കൂടി. വത്സല കരഞ്ഞുപറഞ്ഞു:

"എന്നെ അവർക്ക് വിട്ടുകൊടുക്കരുത് ബാപ്പാ, അബു വരുന്നതുവരെ ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്നവൾ അപേക്ഷിച്ചു. " എന്താ വേണ്ടെതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. നിന്നെയറിയിച്ചിട്ടും കാര്യമില്ല.  വെറുതെ വിഷമിപ്പിച്ചിട്ട് കാര്യമില്ലായെന്ന് ഞങ്ങൾക്ക് തോന്നി. നീ രണ്ടു വർഷത്തെ കോൺട്രാക്റ്റിനല്ലേ അബുദാബിക്ക് പോയിരിക്കണത്. ഞങ്ങൾക്ക്  അവളെ പിടിച്ചു നിർത്താനാവുമോ, ഒരു പെണ്ണല്ലേ? അപ്പോളെക്കും വത്സലയുടെ അച്ഛനും കൂട്ടരും ഇവിടെയെത്തി. അവർ അവളെ വലിച്ചിഴച്ച് കൊണ്ടുപോയി. നിൻ്റെ ബാപ്പ ഒന്നും ചെയ്യാനാവാതെ നിശ്ചലനായി നിന്നു. ഞങ്ങളതിന് മൂകസാക്ഷികളായിരുന്നു. ഞങ്ങളതിൽ ഇടപ്പെട്ടിരുന്നെങ്കിൽ മതവിദ്വേഷം ആളിപടർന്നേനെ. കാര്യങ്ങളെല്ലാം കൈവിട്ടു പോകുമെന്ന് കണ്ടതുകൊണ്ടാണ് ആരും അനങ്ങാതെയിരുന്നത്. അവരുടെ മകളെ കൊണ്ടുപോകുന്നതിന് ഞങ്ങൾക്കെന്തു ചെയ്യാനാവും, നീ തന്നെ പറ" .

------തുടരും---------