മാനിറ്റോബ പ്രവിശ്യ വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിച്ച് സ്ഥിരമായി 'ഡേലൈറ്റ് സേവിംഗ് ടൈം' നടപ്പിലാക്കാൻ തീരുമാനിച്ചു. പ്രീമിയർ വാബ് കിന്യൂ ആണ് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ വരുന്ന നവംബർ ഒന്നിന് മാനിറ്റാബയിലെ ജനങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റേണ്ടതില്ല.
ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി പ്രവിശ്യാ സർക്കാർ നടത്തിയ സർവേയിൽ 72,000-ത്തോളം ആളുകൾ പങ്കെടുത്തു. ഇതിൽ 92 ശതമാനം ആളുകളും സമയം മാറ്റുന്ന രീതി നിർത്തലാക്കാൻ ആവശ്യപ്പെട്ടപ്പോൾ, കുറച്ച് പേർ സ്ഥിരമായി ഡേലൈറ്റ് സേവിംഗ് ടൈം നിലനിർത്തുന്നതിനെ പിന്തുണയ്ക്കുകയാണുണ്ടായത്. വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്നത് ജനങ്ങളുടെ ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും, പ്രത്യേകിച്ച് കുട്ടികളുള്ള കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിന് വഴിവെച്ചത്.
സ്ഥിരമായ ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കുന്നത് പൊതുജനാരോഗ്യത്തിനും പ്രാദേശിക ബിസിനസുകൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് പ്രീമിയർ വാബ് കിന്യൂ വ്യക്തമാക്കി. വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും കൃഷിക്കും വിനോദമേഖലയ്ക്കും കൂടുതൽ ഉന്മേഷം നൽകും. യുകോൺ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ മറ്റ് പ്രവിശ്യകളുടെ പാത പിന്തുടർന്നാണ് ഇപ്പോൾ മാനിറ്റോബയും ഈ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.