ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോഴും ഗൈനക്കോളജിസ്റ്റിനെ കാണാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ തുറന്നുപറഞ്ഞ് കാനഡയിലെ നോവ സ്കോഷ്യ സ്വദേശിയായ ഹാലി സ്മിത്ത്. ഫൈബ്രോയിഡ്, സിസ്റ്റ്, അഡിനോമയോസിസ് തുടങ്ങിയ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന ഹാലിക്ക് ഒരു വിദഗ്ധ ഡോക്ടറെ കാണാൻ നാല് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 131 ദിവസമായി കടുത്ത രക്തസ്രാവവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുകയാണെന്ന് ഹാലി മാധ്യമങ്ങളോട് പറഞ്ഞു.അമ്മയാകുക എന്നതാണ് തന്റെ വലിയ സ്വപ്നമെന്നും എന്നാൽ ചികിത്സ വൈകുന്നത് ഫെർട്ടിലിറ്റിയെ ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണക്കാരായ സ്ത്രീകൾക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
ഈ വിഷയം മുൻനിർത്തി നോവ സ്കോഷ്യയിലെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി (NDP) സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി മൂന്ന് പുതിയ ബില്ലുകൾ സഭയിൽ ചർച്ചയ്ക്കെടുക്കണമെന്ന് എൻ.ഡി.പി നേതാവ് ക്ലോഡിയ ചെൻഡർ ആവശ്യപ്പെട്ടു.
അതേസമയം, സ്ത്രീകളുടെ ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിനായി 'വാച്ച്' എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രൊവിൻസ് ഹൗസിലേക്ക് മാർച്ച് നടത്തി. പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങൾ പോലെയോ അതിലും പ്രാധാന്യത്തോടെയോ സ്ത്രീകളുടെ രോഗാവസ്ഥകളെ കാണണമെന്നും, ഗുരുതരമായ രോഗങ്ങളുള്ളവർ പോലും വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്ര എം.എൽ.എ എലിസബത്ത് സ്മിത്ത്-മൈക്രോസിൻ സഭയിൽ വ്യക്തമാക്കി.
എന്നാൽ, ഗൈനക്കോളജി വിഭാഗത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നോവ സ്കോട്ടിയ ഹെൽത്ത് അറിയിച്ചു. ഇതിനായി 13 പുതിയ തസ്തികകൾ സൃഷ്ടിച്ചതായും എൻഡോമെട്രിയോസിസ് ക്ലിനിക്ക് തുടങ്ങിയതായും അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ഈ ശൈത്യകാലത്ത് സ്പ്രൈഫീൽഡിൽ പുതിയ 'മെനോപോസ് സെന്റർ ഓഫ് എക്സലൻസ്' പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി മിഷേൽ തോംസൺ അറിയിച്ചു. പ്രൊഫഷണൽ ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും സേവനം ഇവിടെ ലഭ്യമാകുമെങ്കിലും, പ്രഖ്യാപനങ്ങൾ പൂർണ്ണമായി നടപ്പിലാകുന്നത് വരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.