അല്‍ബാമയില്‍ 1998-ലെ ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

By: 600002 On: Sep 18, 2026, 9:58 AM



പി പി ചെറിയാന്‍

അല്‍ബാമ: 1998-ല്‍ പണയം വയ്ക്കുന്ന കടയില്‍ നടന്ന കൊലപാതക കേസില്‍ ജെഫ്രി ലീ (49) എന്നയാള്‍ക്കാണ് അല്‍ബാമയില്‍ സെപ്റ്റംബര്‍ 17 വ്യാഴാഴ്ച വൈകീട്ട് മാരക വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്.

1998 ഡിസംബര്‍ 12-ന് ഒര്‍വില്‍യിലെ ജിമ്മീസ് പാവ്ന്‍ ഷോപ്പില്‍ നടന്ന കവര്‍ച്ചയ്ക്കിടെ സ്റ്റോര്‍ ഉടമ ജിമ്മി എല്ലിസ്, ജീവനക്കാരി എലൈന്‍ തോംപ്‌സണ്‍ എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോടതി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ബാമ സര്‍ക്കാര്‍ മാരക വിഷം കുത്തിവെക്കുന്ന രീതിയിലേക്ക് (Lethal Injection) മാറുകയായിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി. ജൂറി ജീവപര്യന്തം ശിക്ഷ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ജഡ്ജി അത് വധശിക്ഷയായി മാറ്റുകയായിരുന്നു എന്നത് കേസില്‍ ശ്രദ്ധേയമായ ഒരു ഘട്ടമായിരുന്നു.