ജോര്‍ജ് എബ്രഹാമിന്റെ വിയോഗത്തില്‍ യുഡിഎഫ്-കോണ്‍ഗ്രസ് അനുഭാവികള്‍ അനുശോചിച്ചു

By: 600002 On: Sep 17, 2026, 7:46 PM



ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീര്‍ഘകാലം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പോരാളിയുമായിരുന്ന ജോര്‍ജ് എബ്രഹാമിന്റെ നിര്യാണത്തില്‍ യുഡിഎഫ്‌കോണ്‍ഗ്രസ് അനുഭാവികള്‍ പ്രത്യേക അനുസ്മരണ യോഗം ചേര്‍ന്ന് അനുശോചിച്ചു.

സെപ്റ്റംബര്‍ 16 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഹൂസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജോര്‍ജ് എബ്രഹാം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹൂസ്റ്റണിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സഹപ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരണ യോഗത്തില്‍ പ്രത്യേകം സ്മരിച്ചു.

ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ട്ടറായിരുന്ന ജോര്‍ജ് എബ്രഹാം മലയാളി സമൂഹത്തിന് നല്‍കിയ ഗണ്യമായ സംഭാവനകളും പ്രസംഗകര്‍ അനുസ്മരിച്ചു. കേരളത്തില്‍ അദ്ദേഹം നടത്തിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധവും പലരും പരാമര്‍ശിച്ചു.

അദ്ദേഹത്തിന്റെ സമര്‍പ്പിതമായ പൊതുപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥമായ സേവനവും അനുസ്മരിച്ചുകൊണ്ട്, അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു.

ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, ഡോ. ജോര്‍ജ് എം. കാക്കനാട്ട്, സൈമണ്‍ വളാച്ചേരില്‍, അനില്‍ ആറന്മുള, ജി. പുത്തന്‍കുരിശ്, ജോര്‍ജ് തെക്കേമല, അനി മഠത്തില്‍, ജോഷ്വ ജോര്‍ജ്, എസ്. കെ. ചെറിയാന്‍, പൊന്നു പിള്ള, വാവച്ചന്‍ മത്തായി, ബിജു ചാലയ്ക്കല്‍, എബ്രഹാം പറയംകാലായില്‍, ജോയ് എന്‍. ശാമുവേല്‍, മാണി കുരുവിള, ഫാന്‍സിമോള്‍ പള്ളത്തുമഠം, ബിനോയ് തോമസ്, ജില്‍ റോയ് തുടങ്ങിയവര്‍ ജോര്‍ജ് എബ്രഹാമിനെ അനുസ്മരിച്ച് സംസാരിച്ചു.