ഷിബു കിഴക്കേകുറ്റ്
കാനഡയില്‍ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ഭീഷണി വീണ്ടും ചര്‍ച്ചയാകുന്നു. ലോറന്‍സ് ബിഷ്‌ണോയി ഗാങ് കനേഡിയന്‍ അധികൃതര്‍ക്ക് അയച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കത്തില്‍ 'We will rule in CANADA now' എന്ന് ഭീഷണിപ്പെടുത്തിയതായി CBC News റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ 5,000 അംഗങ്ങളും പൊലീസിനേക്കാള്‍ കൂടുതല്‍ തോക്കുകളും ഉണ്ടെന്ന അവകാശവാദവും കത്തില്‍ സംഘം ഉന്നയിച്ചിട്ടുണ്ട്.
അബോട്ട്‌സ്‌ഫോര്‍ഡ് പൊലീസിനും അയച്ച കത്ത്, Immigration and Refugee Board (IRB) നടപടികളുമായി ബന്ധപ്പെട്ട രേഖകളിലൂടെയാണ് പുറത്തുവന്നത്.
അതേസമയം, കാനഡയിലെ കുറ്റകൃത്യങ്ങളുടെ ചിത്രം എല്ലാ മേഖലകളിലും ഒരുപോലെയല്ല. 2025-ല്‍ വാഹനമോഷണം 16%യും വീടുകയറ്റ മോഷണം 11% യും കുറഞ്ഞപ്പോള്‍, 5,000 ഡോളറില്‍ താഴെയുള്ള shoplifting 11% വര്‍ധിച്ചു.
സംഘടിത കുറ്റകൃത്യങ്ങള്‍, അതിര്‍ത്തി കടന്നുള്ള വാഹനമോഷണം, പണം തട്ടല്‍ തുടങ്ങിയ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാനഡയിലെ നിയമപാലനവും അതിര്‍ത്തി സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നത്.
സുരക്ഷിതവും സമാധാനാന്തരീക്ഷം നിറഞ്ഞതുമായ ജീവിതം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ചേക്കേറിയ രാജ്യമാണ് കാനഡ. എന്നാല്‍, സമീപകാലത്തായി ഇവിടുത്തെ കുടിയേറ്റ-അഭയാര്‍ത്ഥി സംവിധാനങ്ങളിലുള്ള ഗുരുതരമായ പാകപിഴവുകളും, അതിന്റെ തുടര്‍ച്ചയെന്നോണം അരങ്ങേറുന്ന ക്രമസമാധാന തകര്‍ച്ചയും രാജ്യത്ത് വലിയ സുരക്ഷാ വെല്ലുവിളികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
നിയമപരമായ അര്‍ഹതയും യഥാര്‍ത്ഥത്തില്‍ പീഡനങ്ങള്‍ക്കിരയാകുന്നവരും അഭയാര്‍ത്ഥി പദവി അര്‍ഹിക്കുമ്പോള്‍, കൃത്യമായ ബാക്ക്ഗ്രൗണ്ട് പരിശോധനകളോ കര്‍ശന മാനദണ്ഡങ്ങളോ പാലിക്കപ്പെടാതെ പലരും ഈ പഴുതുകള്‍ ദുരുപയോഗം ചെയ്ത് രാജ്യത്തേക്ക് കടന്നുവരുന്നു എന്ന ആക്ഷേപം ശക്തമാണ്.
അഭയാര്‍ത്ഥി സ്വീകരണം എന്നത് മാനുഷിക പരിഗണന നല്‍കേണ്ട ഒന്നാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കേണ്ട ഈ സംവിധാനം സ്വാധീനമുള്ളവരും പശ്ചാത്തല പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നവരും കൈക്കലാക്കുമ്പോള്‍, അത് യഥാര്‍ത്ഥ അര്‍ഹതപ്പെട്ടവരെ അവഗണിക്കുന്നതിന് തുല്യമാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍ പോലുള്ള സംഘര്‍ഷ ബാധിത മേഖലകളില്‍ജീവഭയന്ന് പലായനം ചെയ്യുന്ന യഥാര്‍ത്ഥ ഇരകള്‍ അര്‍ഹമായ സുരക്ഷ ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍, മറ്റൊരുവശത്ത് നിയമത്തിന്റെ പഴുതുകള്‍ ചൂഷണം ചെയ്യുന്നവര്‍ കാനഡയില്‍ സ്വാധീനം ഉറപ്പിക്കുന്നു.
ഈ സുരക്ഷാ വീഴ്ചകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. കാനഡയിലെ ബിസിനസുകാരില്‍ നിന്നും പ്രവാസികളില്‍ നിന്നും വ്യാപകമായി പണം തട്ടുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയി ഗാങ്, ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോര്‍ഡ് പൊലീസ് വകുപ്പിന് അയച്ച ഭീഷണി കത്ത് മുഖ്യധാരാ മാധ്യമമായ സിബിസി ന്യൂസ് (CBC News) പുറത്തുവിട്ടിട്ടുണ്ട്. കാനഡയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് റീഫ്യൂജി ബോര്‍ഡിന്റെ (IRB) നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകളിലൂടെയാണ് പൊലീസ് ഈ ഭീഷണികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
'കാനഡയില്‍ ഇനി ഞങ്ങള്‍ ഭരിക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണസംവിധാനങ്ങളെയും പൊലീസിനെയും വെല്ലുവിളിക്കുന്ന ഈ സംഘം, രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ ഇനി മുതല്‍ നിര്‍ബന്ധമായും 'പ്രൊട്ടക്ഷന്‍ ടാക്‌സ്' നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കൂടാതെ, കാനഡയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മറ്റ് കുറ്റകൃത്യങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുണ്ട്. അനേകം കാറുകള്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്നതും, പുതിയ വാഹനങ്ങള്‍ അടിച്ചുമാറ്റുന്നതുമായ സംഭവങ്ങള്‍ ഇന്ന് നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതുപോലെ തന്നെ വീടുകള്‍ തല്ലിത്തകര്‍ക്കുന്നതും, ആളുകളുടെ വീടുകള്‍ കൊള്ളയടിക്കുന്നതും വര്‍ധിച്ചുവരികയാണ്. കാനഡയിലുടനീളം കളവും മോഷണവും ഉയര്‍ന്നത് ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഈ കുറ്റകൃത്യങ്ങളുടെ വര്‍ധനവ് കാനഡയ്ക്ക് ഉള്ളില്‍ മാത്രം ഒതുങ്ങുന്നില്ല; അത് അയല്‍രാജ്യമായ അമേരിക്കയ്ക്കും വലിയൊരു സുരക്ഷാ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ പശ്ചാത്തല പരിശോധനകളില്ലാതെ അഭയാര്‍ത്ഥികളെയും മറ്റും രാജ്യത്തേക്ക് കയറ്റിവിടുന്നത് ക്രിമിനല്‍ സംഘങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സുരക്ഷിത താവളമാകുന്നു. ഈ സാഹചര്യങ്ങള്‍ കാരണം, കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കുമ്പോള്‍ പരിശോധനകളും സുരക്ഷാ നടപടികളും വന്‍തോതില്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തികളില്‍ പരിശോധനകള്‍ കടുപ്പിക്കാന്‍ ഇത് കാരണമായത് യാത്രാസൗകര്യങ്ങളെയും സാധാരണക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യങ്ങള്‍ കാനഡയെക്കുറിച്ച് പുറംലോകത്തുള്ള ധാരണകളെയും സാരമായി ബാധിക്കുകയാണ്. കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ പ്രതിഭകളും പ്രൊഫഷണലുകളും നിലവിലെ ക്രമസമാധാന തകര്‍ച്ചയും വര്‍ധിച്ചുവരുന്ന ഗുണ്ടാ ഭീഷണികളും കണ്ട് ഇവിടേക്ക് വരാന്‍ മടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാനഡയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും മുതല്‍ക്കൂട്ടാകേണ്ട യഥാര്‍ത്ഥ പ്രതിഭകള്‍ പിന്മാറുന്നതും, സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്.