80 കൊലപാതകങ്ങള്‍ സമ്മതിച്ച സീരിയല്‍ കില്ലര്‍ സ്ത്രീവേഷത്തില്‍ പിടിയില്‍

By: 600002 On: Sep 17, 2026, 7:23 PM

 

പി പി ചെറിയാന്‍

ബ്രസീല്‍ : ബ്രസീലിനെ നടുക്കിയ സംഭവത്തില്‍, 80 കൊലപാതകങ്ങള്‍ നടത്തിയതായി സമ്മേതിച്ച കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ജോര്‍ലാന്‍ ആല്‍വ്‌സ് ഡാ സില്‍വ (33) പോലീസ് പിടിയിലായി. സ്ത്രീവേഷം ധരിച്ച് ഒളിവില്‍ കഴിയാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രസീലിലെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള പരൈബാ സംസ്ഥാനത്ത് നടന്ന നാടകീയമായ റെയ്ഡിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സ്ത്രീയുടെ വേഷവും നീളമുള്ള വിഗും ധരിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വിഗ് മാറ്റിയതോടെ ഇയാളുടെ യഥാര്‍ത്ഥ രൂപം പുറത്തുവരികയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

താന്‍ 80 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ജോര്‍ലാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം പോലീസ് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ അവകാശവാദം സത്യമാണെന്ന് തെളിഞ്ഞാല്‍, 'ബ്രസീലിയന്‍ ഡെക്സ്റ്റര്‍' എന്നറിയപ്പെടുന്ന പെഡ്രോ റോഡ്രിഗസ് ഫില്‍ഹോയ്ക്ക് ശേഷം ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കില്ലറായി ജോര്‍ലാന്‍ മാറും. 71 കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഫില്‍ഹോ, നൂറിലധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി ഉടന്‍ പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.