സ്വര്‍ഗീയ ശോഭയില്‍ വര്‍ണവിസ്മയം തീര്‍ത്ത് എക്യുമെനിക്കല്‍ ഫെസ്റ്റിന് പ്രൗഢഗംഭീര സമാപനം

By: 600002 On: Sep 17, 2026, 7:05 PM



ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും സൗഹൃദവും സാഹോദര്യവും വിളിച്ചോതിയ പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ് വര്‍ണശബളമായ കലാപരിപാടികളോടും ആത്മീയ നിറവോടും കൂടി പ്രൗഢഗംഭീരമായി സമാപിച്ചു.

ഹൂസ്റ്റണിലെ വിവിധ സഭകളിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ  ഘഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിച്ച പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ് 2026 വൈവിധ്യമാര്‍ന്ന കലാപരിപാടികളും ആത്മീയ അനുഭവങ്ങളും സൗഹൃദത്തിന്റെ നിറവുമൊക്കെയായി ശ്രദ്ധേയമായി.

സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 10 വരെ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റില്‍ ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിശ്വാസികളോടൊപ്പം ഹൂസ്റ്റണിലെ പൊതു സമൂഹം ഒഴുകിയെത്തി.

ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മനോഹരമായ വേദിയായി മാറിയ ഫെസ്റ്റില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികളും മറ്റ് കലാവിരുന്നുകളും ശ്രദ്ധേയമായി.

നാടന്‍ രുചിയുടെ കലവറയൊരുക്കിയ 'എക്യൂമെനിക്കല്‍ തട്ടുകടയുടെ ' മുമ്പില്‍  നൂറു കണക്കിന് ആളുകള്‍ ക്യൂ നിന്ന് രുചിയുടെ മഹത്വം അറിയാന്‍  നിന്നതു വേറിട്ട കാഴ്ചയായി. പൊറോട്ടയും ബീഫ് കറിയും, കപ്പയും മീന്‍ കറിയും മസാലദോശയുടെയും പ്രത്യേക കൗണ്ടറുകളില്‍ നീണ്ട നിരയായിരുന്നു. 'എന്റെ വീട് 'ടീമിന്റെ നേത്രത്വതില്‍ നടന്ന ' ചായക്കട' യില്‍ ചായയും ഉണ്ണിയപ്പവും കൊഴുക്കട്ടയുടെയും രുചിയറിയാന്‍ നീണ്ട നിരയായിരുന്നു. സെന്റ് തോമസ് സിഎസ് ഐ ഇടവക വികാരി ദീപു എബി ജോണ്‍ അച്ചന്റെ ചായയടി കൗതുകകരമായ കാഴ്ച്ചയായിരുന്നു.

25 പ്രതിഭകള്‍ അണിനിരന്ന SMT പഞ്ചാരി മേളം ടീമിന്റ ചെണ്ടമേളം ഫെസ്റ്റിന് ആവേശവും താളക്കൊഴുപ്പും നല്‍കി.    

എം.സിമാരായ ജീമോന്‍ റാന്നിയുടേയും മില്‍റ്റ മാത്യുവിന്റെയും  ആമുഖത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മേഴ്‌സി ജെയിംസിന്റെ  പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ വെരി.റവ.ഫാ. പ്രസാദ് കോവൂര്‍ കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

ICECH സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. ദീപപ്രകാശനത്തിലൂടെ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഖ്യാതിഥിയായ മേയര്‍ റോബിന്‍ ഇ ലക്കാട്ട് ഉദ്ഘാടന പ്രസംഗം നടത്തി. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, ജഡ്ജ് ജൂലി മാത്യു, പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ തുടങ്ങിയവരുടെ സാന്നിധ്യം ഫെസ്റ്റിന്റെ മാറ്റു കൂട്ടി.

തുടര്‍ന്ന് ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കലാ പ്രതിഭകള്‍  അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഗാനങ്ങളും നൃത്തങ്ങളും ലൈവ് ബാന്‍ഡും മറ്റ് കലാവിരുന്നുകളും സദസ്സിന് ആസ്വാദ്യകരമായ അനുഭവമായി. വിവിധ സഭകളുടെ പങ്കാളിത്തം ഫെസ്റ്റിനെ ഒരു യഥാര്‍ത്ഥ എക്യുമെനിക്കല്‍ സംഗമമാക്കി മാറ്റി.

ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ''ദി റിഡീമര്‍'' എന്ന മലയാളം ബൈബിള്‍ നാടകം. മെവിന്‍ ജോണിന്റെ രചനയിലും സംവിധാനത്തിലും 40-ലധികം കലാകാരന്മാര്‍ അണിനിരന്ന നാടകം ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ സന്ദേശം ശക്തമായി അവതരിപ്പിച്ചു. മികച്ച അഭിനയവും സംവിധാനവും അവതരണ മികവും കൊണ്ട് നാടകം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി.

ഫെസ്റ്റിന്റെ ഭാഗമായി സ്‌പോണ്‍സര്‍മാരെ ആദരിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള സംഭാവന പ്രഖ്യാപനം നടത്തുകയും ചെയ്തു. ICECH വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ് സ്‌പോണ്‍സര്‍ അംഗീകാര ചടങ്ങിനും ചാരിറ്റി സംഭാവന പ്രഖ്യാപനത്തിനും നേതൃത്വം നല്‍കി.

രഞ്ജു രാജ്, സുനില്‍ കോര & പ്രിയന്‍ ജേക്കബ്,ജെയിംസ് ഊലുട്ട്, മഗേഷ് മാത്യു ,ജെയിംസ് ഈപ്പന്‍, ഷിജോ ചാണ്ടപ്പിള്ള, ബിനു അലക്‌സ്, ക്രിസ്റ്റിന്‍ കല്ലേല്‍ ഇടക്കുന്നത്ത്   അഭിലാഷ് ഡേവിഡ്‌സണ്‍ & സാജന്‍ കുളങ്ങര , ജോര്‍ജ് കുട്ടി വടക്കേകൂറ്റ്, ജീമോന്‍ റാന്നി  ജോയല്‍ ജേക്കബ്, 'എന്റെ വീട്' ടീം,  മൈസൂര്‍ തമ്പി, രാജന്‍ അങ്ങാടിയില്‍ ,ജോജി ജോസഫ് , മൈക്കിള്‍ തോമസ് എന്നിവര്‍ സ്‌പോണ്‍സര്‍മാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിച്ചു.

വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയും നിരവധി സ്‌പോണ്‍സര്‍മാരുടെ പിന്തുണയോടെയും സംഘടിപ്പിച്ച ഫെസ്റ്റ്, മതസൗഹാര്‍ദ്ദത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.

ഫെസ്റ്റ് കണ്‍വീനര്‍ ജീമോന്‍ റാന്നി നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും അനുഗ്രഹീതമായ അന്തരീക്ഷത്തില്‍ നടന്നു.

 ''ഒരുമയില്‍ വിശ്വാസം, സൗഹൃദത്തില്‍ ശക്തി'' എന്ന സന്ദേശം പകര്‍ന്നുകൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു.

സെന്നി & എവ്ലിന്‍ (ഹൂസ്റ്റണ്‍ വോയിസ് by SO), ബാബു കലീന എന്നിവര്‍ വീഡിയോ - ഫോട്ടോഗ്രാഫിക്ക് നേതൃത്വം നല്‍കി. 'സൗണ്ട് വേവ്‌സ് ഡിജിറ്റല്‍' സൗണ്ട്‌സ് ആന്‍ഡ് ലൈറ്റ് നിയന്ത്രിച്ചു.

ഫെസ്റ്റിന്റെ വിജയത്തിനായി റവ.ഫാ.ഡോ ഐസക് പ്രകാശ് (പ്രസിഡണ്ട്), റവ.ഫാ. ഡോ. ബിന്നി ഫിലിപ്പ്, ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍) ജീമോന്‍ റാന്നി ( കണ്‍വീനര്‍) മില്‍റ്റ മാത്യു ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍) ജിനോ ജേക്കബ് (സ്‌പോര്‍ട്‌സ്) തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി, ഫുഡ് )  തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചു വന്നത്.

സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് ഒരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരേ വേദിയില്‍ അണിനിരത്തിയ പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ്,ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിനും പൊതു സമൂഹത്തിനും മറക്കാനാവാത്ത അനുഭവമായി മാറി. ''ഒരുമയില്‍ ആഘോഷം, സ്‌നേഹത്തില്‍ ശുശ്രൂഷ'' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റിന് തിരശ്ശീല വീണത്.