പ്രസാദ് തീയാടിക്കല്‍
വാഷിങ്ടണ്‍: പ്രമുഖ സുവിശേഷകന്‍ ഫ്രാങ്ക്‌ലിന്‍ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡര്‍ അറ്റ് ലാര്‍ജ് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവര്‍ത്തനങ്ങളില്‍ ലിഞ്ച് പ്രധാന ചുമതല വഹിക്കും. നാമനിര്‍ദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയില്‍ സേവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും ലിഞ്ച് അഭ്യര്‍ഥിച്ചു.
2010 മുതല്‍ Billy Graham Evangelistic Association, Samaritan's Purse എന്നിവയുമായി പ്രവര്‍ത്തിക്കുന്ന ലിഞ്ച് നിലവില്‍ സീനിയര്‍ അഡൈ്വസറും മിനിസ്ട്രി വക്താവുമാണ്. മകളുടെ നാമനിര്‍ദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്‌ലിന്‍ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവള്‍ക്ക് ജ്ഞാനവും ശക്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ഥിച്ചു.