വാടകപ്പണത്തിലൂടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാം; കാനഡയിൽ പുതിയ ക്യാഷ് ബാക്ക് ആപ്പ് പുറത്തിറക്കി

By: 600110 On: Sep 17, 2026, 10:40 AM

വാടകക്കാർക്ക് പ്രതിമാസ വാടക അടവുകളിൽ നിന്ന് ക്യാഷ് ബാക്ക് തുക നേടി ഭാവിയിലെ വീട് വാങ്ങലിനായുള്ള ഡൗൺ പേയ്‌മെന്റിലേക്ക് ഉപയോഗിക്കാനാവുന്ന പുതിയ ഡിജിറ്റൽ ആപ്പ് പുറത്തിറക്കി. ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ 'സോൺ'  ആണ് 'ലാൻഡ്‌ലോർഡ്-ടെനൻ്റ്' ബന്ധങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന വീട്ടുവാടകയും റിയൽ എസ്റ്റേറ്റ് വിലവർദ്ധനവും കാരണം വീട് സ്വന്തമാക്കാൻ ബുദ്ധിമുട്ടുന്ന യുവാക്കൾക്ക് വലിയൊരു കൈത്താങ്ങായാണ് ഈ സംവിധാനം വിലയിരുത്തപ്പെടുന്നത്.

ആപ്പിന്റെ പ്രവർത്തനമനുസരിച്ച്, യോഗ്യരായ വാടകക്കാർക്ക് പ്രതിമാസ വാടകയുടെ എട്ട് ശതമാനം വരെ ക്യാഷ് ബാക്ക് റിവാർഡായി നേടാൻ സാധിക്കും. ഉദാഹരണത്തിന്, മാസം 2,000 കാനഡിയൻ ഡോളർ വാടക നൽകുന്ന ഒരാൾക്ക് പ്രതിമാസം 160 ഡോളർ വീതം വർഷത്തിൽ ഏകദേശം 1,920 ഡോളർ സേവ് ചെയ്യാനാകും. അഞ്ച് വർഷത്തെ വാടക കാലാവധി പൂർത്തിയാക്കുമ്പോൾ 9,600 ഡോളറോളം വീട് വാങ്ങലിനായി മാറ്റിവെക്കാൻ ഇവർക്ക് സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ റിഷാർഡ് റമീസ് വ്യക്തമാക്കുന്നു.

ഈ തുക ഉപഭോക്താക്കൾക്ക് നേരിട്ട് പിൻവലിക്കാൻ കഴിയില്ല പകരം, പുതിയ വീട് വാങ്ങുന്ന ഘട്ടത്തിൽ ഇടപാടിന്റെ അവസാന ദിനം നേരിട്ട് ലീഗൽ ട്രസ്റ്റ് അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുക. കാനഡയിലെ വൻകിട നഗരങ്ങളിൽ സ്വന്തമായി വീടെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുന്ന യുവതലമുറയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ പദ്ധതി. 2028-ഓടെ പതിനായിരത്തോളം ചെറുപ്പക്കാർക്ക് സ്വന്തമായി വീട് വാങ്ങാൻ തുണയാകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്.