കാനഡയിൽ പ്രവർത്തനം വിപുലീകരിച്ച് ആമസോൺ; ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

By: 600110 On: Sep 17, 2026, 10:11 AM

കാനഡയിലെ ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മണിക്കൂർ വേതനം ഒരു ഡോളർ വർദ്ധിപ്പിച്ചതായി പ്രമുഖ ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വർദ്ധനവോടെ, ആമസോൺ ജീവനക്കാരുടെ ശരാശരി അടിസ്ഥാന മണിക്കൂർ വേതനം 26.27 കാനഡിയൻ ഡോളറായി ഉയരും. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച്, ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരു മുഴുവൻ സമയ ജീവനക്കാരന് പ്രതിവർഷം ശരാശരി 54,000 ഡോളറിലധികം വരുമാനം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആമസോണിന്റെ സമഗ്രമായ വേതന അവലോകനത്തിന്റെ ഭാഗമായാണ് 78 മില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പുതിയ പ്രഖ്യാപനം. ഇതിന് പുറമെ, ഒക്ടോബർ 1 മുതൽ കാനഡയിലെ ജീവനക്കാർക്ക് ആമസോൺ വെബ്‌സൈറ്റ് വഴി വാങ്ങുന്ന അവശ്യസാധനങ്ങൾക്കും പല വ്യഞ്ജനങ്ങൾക്കും 10 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കും. വരാനിരിക്കുന്ന ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണുകൾക്ക് മുന്നോടിയായി ജീവനക്കാരുടെ പങ്കാളിത്തവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.

അതേസമയം, പ്രമുഖ തൊഴിലാളി യൂണിയനായ 'യൂണിഫോർ' ഈ ശമ്പള വർദ്ധനവിനോട് വ്യത്യസ്തമായാണ് പ്രതികരിച്ചത്. ബ്രിട്ടീഷ് കൊളംബിയ ലേബർ റിലേഷൻസ് ബോർഡിന്റെ മധ്യസ്ഥതയിൽ യൂണിയനുമായി നടന്നുകൊണ്ടിരുന്ന ചർച്ചകളുടെ കരാർ അന്തിമഘട്ടത്തിൽ എത്തിയതോടെയാണ് കമ്പനി പെട്ടെന്ന് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. തൊഴിലാളി കൂട്ടായ്മകളുടെ ശക്തമായ ഇടപെടലുകളും അവകാശ പോരാട്ടങ്ങളുമാണ് കമ്പനിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് യൂണിയൻ നേതാക്കളുടെ വിലയിരുത്തൽ.