47 വർഷത്തിനിടെ ഉരുകി തീർന്നത് 12 ട്രില്യൺ ടണ്ണിലേറെ മഞ്ഞുപാളികൾ; ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

By: 600110 On: Sep 17, 2026, 10:07 AM

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ഗ്രീൻലാൻഡിൽ നിന്നും അൻ്റാർട്ടിക്കയിൽ നിന്നുമായി 12 ട്രില്യൺ മെട്രിക് ടണ്ണിലധികം മഞ്ഞുപാളികൾ ഉരുകിത്തീർന്നതായി ഉപഗ്രഹ ദൃശ്യങ്ങൾ ആസ്പദമാക്കിയുള്ള ശാസ്ത്രീയ പഠന റിപ്പോർട്ട് . 1970-കളുടെ അവസാന ഘട്ടം മുതൽ കൃത്യമായി ശേഖരിച്ച ഉപഗ്രഹ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണ് ആഗോള താപനത്തിന്റെ ഭയാനകമായ ഈ ആഘാതം പ്രകടമായത്. ധ്രുവപ്രദേശങ്ങളിൽ നിന്നുണ്ടായ ഈ കൂറ്റൻ മഞ്ഞുചോർച്ച ആഗോള സമുദ്രനിരപ്പ് ഗണ്യമായി ഉയരുന്നതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്.

ഉരുകിപ്പോയ മഞ്ഞിൻ്റെ ഭൂരിഭാഗവും ഗ്രീൻലാൻഡ് ഹിമപാളികളിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോള താപനിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവും സമുദ്രജലം ചൂടാകുന്നതും എല്ലാമാണ് മഞ്ഞുപാളികളുടെ ഘടനയെ ദ്രുതഗതിയിൽ തകർക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് സമീപ ദശകങ്ങളിൽ മഞ്ഞുരുകലിന്റെ വേഗത ഇരട്ടിയിലധികമായി വർദ്ധിച്ചുവെന്നത് പാരിസ്ഥിതിക രംഗത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങളെയും താഴ്ന്ന ദ്വീപ് രാഷ്ട്രങ്ങളെയും നേരിട്ട് പ്രളയഭീഷണിയിലാക്കുന്നു. സമുദ്ര പ്രവാഹങ്ങളിൽ വ്യതിയാനം വരുത്താനും പ്രകൃതിദുരന്തങ്ങളുടെ തീവ്രത കൂട്ടാനും ഈ മാറ്റങ്ങൾ കാരണമാകുമെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. കാർബൺ പുറന്തള്ളൽ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ വരും ദശകങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയാനാകാത്തവിധം രൂക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിൻ്റെ മുന്നറിയിപ്പ്.