കാനഡയിൽ ഭീതി പടർത്തുന്ന ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘം കനേഡിയൻ പോലീസിനും ഭരണകൂടത്തിനും അയച്ച ഭീഷണി സന്ദേശം പുറത്തുവന്നു. തങ്ങൾക്ക് കാനഡയിൽ അയ്യായിരത്തോളം അംഗങ്ങളുണ്ടെന്നും വൈകാതെ രാജ്യം തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്നും അവകാശപ്പെടുന്ന കത്താണ് സി.ബി.സി ന്യൂസ് പുറത്തുവിട്ടത്.
കാനഡയിലെ ആബ്ബട്സ്‌ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിനാണ് "ഇന്ത്യയിലെ ലോറൻസ് ഗാങ്" എന്ന് ഒപ്പിട്ട കത്ത് ലഭിച്ചത്. ബിഷ്‌ണോയ് സംഘത്തിലെ പ്രമുഖനായ ഒരു കുറ്റവാളിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് (IRB) നടത്തിയ വാദത്തിനിടയിലാണ് ഈ രേഖകൾ പുറത്തുവന്നത്.
കാനഡയിലെ ചെറുതും വലുതുമായ എല്ലാ വ്യവസായികളും തങ്ങൾക്ക് സംരക്ഷണപ്പണം നൽകേണ്ടി വരുമെന്ന് കത്തിലുണ്ട്. ഇന്ത്യക്കാരെന്നോ കനേഡിയൻ നിവാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ 'സമാന്തര നികുതി' അടയ്ക്കേണ്ടി വരും. കനേഡിയൻ പോലീസിൻ്റെ പക്കലുള്ളതിനേക്കാൾ കൂടുതൽ ആയുധങ്ങൾ തങ്ങളുടെ കൈവശമുണ്ട്. വെറും 1,000 ഡോളർ നൽകിയാൽ വെടിവെപ്പ് നടത്താൻ തയ്യാറുള്ള അയ്യായിരത്തിലധികം ആളുകൾ തങ്ങൾക്ക് കാനഡയിലുണ്ടെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. തങ്ങളെ തടയാൻ കനേഡിയൻ പോലീസിന് ശേഷിയില്ലെന്നും കാനഡ ഞങ്ങൾ ഭരിക്കുമെന്നും കത്തിൽ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയ് തൻ്റെ പ്രധാന അനുയായികളായ ഗോൾഡി ബ്രാർ, ഗോൾഡി ധില്ലൻ എന്നിവർ വഴിയാണ് കാനഡയിലെ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥി വിസയിലെത്തുന്ന യുവാക്കളെയും താൽക്കാലിക താമസക്കാരെയുമാണ് ഇവർ ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
വ്യാപാരികൾക്ക് നേരെ വെടിവയ്ക്കുക, വീടുകൾക്കും സ്ഥാപനങ്ങൾക്കും തീയിടുക, ആളുകളെ തട്ടിക്കൊണ്ടുപോയി ലക്ഷക്കണക്കിന് ഡോളർ മോചനദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ സംഘം കാനഡയിൽ നടത്തുന്നത്.
സംഭവത്തിൽ എഡ്മണ്ടൺ പോലീസും വിവിധ സുരക്ഷാ ഏജൻസികളും ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ഈ അന്താരാഷ്ട്ര ക്രിമിനൽ നെറ്റ്‌വർക്ക് തകർക്കാൻ കനേഡിയൻ ഏജൻസികൾ സംയുക്ത നീക്കമാണ് നടത്തുന്നത്.