കാനഡയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കുന്നത് 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ 

By: 600007 On: Nov 5, 2021, 8:58 PM

12 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആണ് കാനഡയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കുന്നതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം. കാനഡയിലെ കോവിഡ് കേസുകളിൽ 20 ശതമാനത്തിലധികം ഉള്ളത് 12 വയസ്സിന് താഴെയുളള കുട്ടികളിൽ ആണെന്ന് വെള്ളിയാഴ്ച ഓട്ടവയിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ. തെരേസ ടാം അറിയിച്ചു. പബ്ലിക് ഹെൽത്ത് കാനഡയുടെ റിപ്പോർട്ട് പ്രകാരം 12 വയസ്സിന് താഴെയുള്ള ഏകദേശം 4.3 ദശലക്ഷം കുട്ടികൾക്കാണ് വാക്‌സിൻ ലഭ്യമാക്കാനുള്ളത്. 

അമേരിക്കയിൽ, യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസറിന്റെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് ബുധനാഴ്ച അംഗീകാരം നൽകുകയും വാക്‌സിനേഷൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ കുട്ടികൾക്കായുള്ള  പീഡിയാട്രിക് വാക്‌സിനുള്ള ഫൈസറിന്റെ അപേക്ഷ ഹെൽത്ത് കാനഡ പരിശോധിച്ചുവരികയാണെന്നും അധികം വൈകാതെ തീരുമാനം ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. 

ചെറിയ കുട്ടികളിൽ കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും പൊതുവേ ഗുരുതരമായ രോഗ സാഹചര്യങ്ങളിലേക്ക് പോകുന്നത് അപൂർവ സന്ദർഭങ്ങളിൽ ആണെന്നും കാനഡയിൽ ഇത് വരെ 19 വയസ്സിന് താഴെയുള്ളവരിൽ 20-ൽ താഴെ മരണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളൂവെന്നും ഡോ. തെരേസ ടാം അറിയിച്ചു.