കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് 170 ബില്യൺ ഡോളറിൻ്റെ വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

By: 600110 On: Sep 17, 2026, 7:47 AM

 

കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായി മാറിയാൽ ആൽബർട്ടയ്ക്ക് തുടക്കത്തിൽ 170 ബില്യൺ ഡോളർ വരെ; ചെലവിടേണ്ടി വന്നേക്കുമെന്ന് പഠന റിപ്പോർട്ട്. ആൽബർട്ട സർക്കാരിൻ്റെ ആവശ്യപ്രകാരം 'യൂണിവേഴ്സിറ്റി ഓഫ് കാൽഗറി സ്കൂൾ ഓഫ് പബ്ലിക് പോളിസി' നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വേർപിരിയൽ കാരണം തുടക്കത്തിൽ വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നും, ദീർഘകാലാടിസ്ഥാനത്തിൽ ഇതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നത് കണ്ടറിയണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

പ്രധാനമായും രണ്ട് സാഹചര്യങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്.  ചർച്ചകൾ പരാജയപ്പെടുകയോ മറ്റു രാജ്യങ്ങൾ ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയോ ചെയ്താൽ ആദ്യ 5 വർഷത്തിനുള്ളിൽ ഇനി പറയുന്ന തിരിച്ചടികൾക്ക് സാധ്യതയുണ്ട്. പ്രവിശ്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം  10.1% കുറയും. തൊഴിലവസരങ്ങളിൽ 10% ഇടിവുണ്ടാകും. ഒരു സാധാരണ തൊഴിലാളിയുടെ വാർഷിക വരുമാനത്തിൽ $5,500 ഡോളറിൻ്റെ കുറവുണ്ടാകാം. കൂടാതെ, ഒരാൾ അധികമായി അടയ്ക്കേണ്ടി വരുന്ന വാർഷിക നികുതി $5,500 ഡോളർ വരെ ഉയർന്നേക്കാനും സാധ്യതയുണ്ട്. 20 വർഷം പൂർത്തിയാകുമ്പോഴേക്ക് സർക്കാരിൻ്റെ കടം 442.3 ബില്യൺ ഡോളറായി പെരുകാനുമിടയുണ്ട്.

ചർച്ചകൾ സുഗമമായി പൂർത്തിയാവുകയും കാനഡയുമായി വേഗത്തിൽ ധാരണയിലെത്തുകയും ചെയ്താലും ആദ്യഘട്ടത്തിൽ തിരിച്ചടികൾ ഒഴിവാക്കാനാകില്ല.  ആദ്യ അഞ്ച് വർഷത്തിൽ ജിഡിപി 2.2% കുറയുകയും നികുതി ബാധ്യതയിൽ $800 ഡോളറിൻ്റെ വർദ്ധനവ് വരികയും ചെയ്യും. എന്നാൽ 20 വർഷത്തിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. GDP 3.4% വർദ്ധിക്കുകയും, തൊഴിലാളികളുടെ വാർഷിക വരുമാനത്തിൽ $1,800 ഡോളറിൻഅറെ വളർച്ചയുണ്ടാവുകയും ചെയ്തേക്കാം.  എങ്കിൽപോലും സർക്കാരിന്റെ കടം 324.1 ബില്യൺ ഡോളറിലെത്തും.

സ്വതന്ത്ര രാജ്യമാകണമെങ്കിൽ പുതിയ ഭരണ ഓഫീസുകൾ, ഐ.ടി സംവിധാനങ്ങൾ, സ്വന്തം പണനയം, അന്താരാഷ്ട്ര വ്യാപാര കരാറുകൾ എന്നിവ പുതുതായി ഉണ്ടാക്കേണ്ടി വരും. ഇതിനായി മാത്രം 70,000 പുതിയ സർക്കാർ ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് വേർപിരിയലിനെ അനുകൂലിക്കുന്നവരുടെ വാദം. ആൽബർട്ടയുടെ എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങളും ചർച്ചകളിൽ മികച്ച മേൽക്കൈ നൽകുമെന്നും അവർ കരുതുന്നു. എന്നാൽ, വേർപിരിയൽ തീരുമാനം ആൽബർട്ടയ്ക്കും കാനഡയ്ക്കും ഒരുപോലെ ദോഷകരമാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെയും മുന്നറിയിപ്പ്.

ഒക്ടോബർ 19-ന് നടക്കുന്ന ജനഹിതപരിശോധനയിൽ കാനഡയിൽ തുടരണമോ അതോ വേർപിരിയണമോ എന്ന് ആൽബർട്ടയിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും