മഹാവൈവിധ്യവുമായി മഹാഓണം

By: 600002 On: Sep 16, 2026, 3:08 PM

 


ടൊറന്റോയുടെ ഹൃദയത്തിലേക്ക് ഒരിക്കല്‍ക്കൂടി കേരളത്തിന്റെ ചെണ്ടമേളവും നൃത്തച്ചുവടുകളും സംഗീതപ്രൗഢിയുമെല്ലാം കൊട്ടിക്കയറി. ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കിയ മഹാഓണത്തിന്റെ മൂന്നാം സീസണും ഒരുക്കിയത് വൈവിധ്യമാര്‍ന്ന കലാവിരുന്നും വ്യത്യസ്ത ദേശങ്ങളില്‍നിന്നുള്ളവരുടെ നിറസാന്നിധ്യവും. ഗ്രേറ്റ് ഇന്ത്യന്‍ ലീഡേഴ്‌സ് പരേഡ്,  മിസ് കേരളം കാനഡ, ഫ്രാങ്കോയുടെ സംഗീതാര്‍ച്ചന തുടങ്ങിയവയുമായി മഹാഓണത്തിന് മഹാവൈവിധ്യമായിരുന്നു ഇക്കുറി...ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ത്രിവര്‍ണച്ചാര്‍ത്തുകൂടി അണിയുന്നതുമായി പരിപാടികള്‍.  

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോ ഓഗസ്റ്റ് 15ന് കണ്‍തുറന്നത് വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്കും ദക്ഷിണേന്ത്യന്‍ കൂട്ടായ്മയിലേക്കുമാണ്. മംഗള്‍ പാണ്ഡെയും ഝാന്‍സി റാണിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഡോ. ബി. ആര്‍. അംബേദ്ക്കറും സ്വാമി വിവേകാനന്ദനും ഭഗത് സിങ്ങും നേതാജി സുഭാഷ്ചന്ദ്രബോസും ഡോ. എ. പി. ജെ.  അബ്ദുല്‍കലാമും ഒക്കെ കുട്ടിരൂപത്തില്‍ അണിനിരന്ന ഗ്രേറ്റ് ഇന്ത്യന്‍ ലീഡേഴ്‌സ് പരേഡോടുകൂടിയായിരുന്നു സ്വാതന്ത്ര്യദിനത്തിലെ മഹാഓണത്തിന്റെ തുടക്കം. 

 

ദിയ ബിനൂപ് ഒന്നാം സമ്മാനമായി 222 ഡോളറിന് അര്‍ഹനായി. ഇമ്മാനുവല്‍ റോബിന്‍സ്, ആവ പ്രഫുല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. വിധികര്‍ത്താവുകൂടിയായ കനേഡിയന്‍ ട്രാവല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായ ഷാനന്‍ സ്‌കിന്നറാണ് വിജയികളെ പ്രഖ്യാപിച്ചത്. ഷോര്‍ട് ഫിലിം അഭിനേതാവ് വിമോദ് മാത്യു, ആര്‍ട്ടിസ്റ്റ്‌സ് കോര്‍ഡിനേറ്റര്‍ ആന്‍സി ഏബ്രഹാം എന്നിവരായിരുന്നു മറ്റു വിധികര്‍ത്താക്കള്‍. വിനോദ് ജോണ്‍ നേതൃത്വം നല്‍കി.

മിസ് കേരളം കാനഡ പട്ടത്തിനായുള്ള സൗന്ദര്യമല്‍സരമായിരുന്നു മഹാഓണത്തിന്റെ മൂന്നാം സീസണിലെ മറ്റൊരു പ്രത്യേകത. മലയാളത്തിന്റെ സൗന്ദര്യരൂപങ്ങള്‍ റാംപില്‍ അണിഞ്ഞൊരുങ്ങിയെത്തിയത് കാണികള്‍ക്ക് ആവേശമായി. റീന വെട്ടൂര്‍ വിജയകിരീടമണിഞ്ഞു, 501 ഡോളറും സ്വന്തമാക്കി. അമൃത രാധാകൃഷ്ണന്‍ ഫസ്റ്റ് റണ്ണറപ്പ്, അന്ന ജോസ് സെക്കന്‍ഡ് റണ്ണറപ്പ് പട്ടങ്ങള്‍ നേടി. അപര്‍ണ ചന്ദ്രശേഖരും ഡൈന ക്രിസ്റ്റഫറുമാണ് നേതൃത്വം നല്‍കിയത്. അനീഷ ജോര്‍ജ്, ചിത്ര കെ. മേനോന്‍, ബിന്ദു മാത്യു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

തെയ്യവും കഥകളിയുമുള്‍പ്പെടെയുള്ള  കലാരൂപങ്ങളും വള്ളംകളിയും മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതുമെല്ലാം സാംസ്‌കാരികഘോഷയാത്രില്‍ പങ്കെടുത്ത സംഘങ്ങള്‍ അരങ്ങിലെത്തിച്ചപ്പോള്‍ ഓണത്തിന്റെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലേക്കുള്ള അവിസ്മരണീയ യാത്രകൂടിയായി. 666.66 ഡോളറിന്റെ ഒന്നാം സമ്മാനം ഡാന്‍സിങ് ദീവാസാണ് സ്വന്തമാക്കിയത്.  

 

ദുര്‍ഹം ഫ്‌ളെയിംസും ശക്തി ഡാന്‍സ് ടീമും രണ്ടും മൂന്നും സ്ഥാനക്കാരായി. മിസ്സിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, ഇന്റര്‍നാഷനല്‍ യൂത്ത് കാനഡ ഇവന്റ്‌സ് മാനേജര്‍ ഹിമാന്‍ഷി ജയ്ന്‍, വെല്‍മ പനയ്ക്കല്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

തൊണ്ണൂറുകളുടെ തലമുറ മുതല്‍ പുതുതലമുറ വരെ ആടിപ്പാടിയ പാട്ടുകളുമായി എത്തിയ ഗായകന്‍ ഫ്രാങ്കോയുടെ സാന്നിധ്യവും കാണികള്‍ക്ക് ആവേശം പകരുന്നതായി. രണ്ട് പതിറ്റാണ്ട് മുന്‍പ്  ഹിറ്റ് ആക്കിയ സുന്ദരിയെ വാ... എന്ന ഗാനം കാണികള്‍ക്കൊപ്പം ചേര്‍ന്നാണ് ഫ്രാങ്കോ പാടിത്തകര്‍ത്തത്. ഗായകരായ ഹരിതയും അനുവും ഡിജെ വല്ലാടനുംകൂടി ചേര്‍ന്നപ്പോള്‍ അതു വേറെ ലെവല്‍ വൈബ് ആയി.

കഴിഞ്ഞവര്‍ഷം നാട്ടില്‍നിന്നെത്തിച്ച റോബോട്ടിക് കരിവീരന്‍ ഇക്കുറിയും തലയെടുപ്പോടെയാണ്  സാങ്കോഫ സ്‌ക്വയറിന്റെ പടിപ്പുരയില്‍ ഇടംപിടിച്ചത്. ഒറിജിനലോ എന്നു സംശയിപ്പിക്കുന്ന ഫിനിഷിങ് വിദേശികള്‍പോലും മല്‍സരിച്ച് പടമെടുക്കുന്നതിനു വഴിയൊരുക്കി.

ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മഹാവീര്‍ സിങ്വി മുഖ്യാതിഥിയായി പങ്കെടുത്തു. കൂടുതല്‍ ജനപങ്കാളിത്തവും വ്യത്യസ്തമായ പരിപാടികളും മഹാഓണത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചതായി മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അഭിപ്രായപ്പെട്ടു. കൈകൊട്ടിക്കളിയില്‍ തുടങ്ങി, ഫ്‌ളാഷ്‌മോബും കടന്ന് ഡിജെയില്‍ അവസാനിച്ച, രാവുംപകലും നീണ്ട മഹാഓണത്തിലെ കലാ-സാംസ്‌കാരിക പ്രതിഭാസംഗമത്തില്‍ നാല്‍പതിലേറെ സംഘമാണ് വേദിയിലെത്തിയത്. 

കലാനിലയം കലാധരന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവുമൊരുക്കി. ചന്ദനം ചാര്‍ത്തിയാണ് വളന്റിയര്‍മാര്‍ അതിഥികളെ വരവേറ്റത്. വ്യത്യസ്ത രുചികളുമായി റസ്റ്ററന്റ് ശൃംഖലകളും ആഘോഷത്തില്‍ അണിചേര്‍ന്നു.

 

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നികിത സാബു, ഫറാസ് മുഹമ്മദ് (ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍), സ്‌നേഹ പോള്‍ (ഫ്‌ളാഷ്‌മോബ്), ഡിജെ ജോസിയോണ്‍, ജെഫി ജോണ്‍സണ്‍, അപര്‍ണ ജയകുമാര്‍ രശ്മി, ക്‌ളിനോയ് ക്‌ളീറ്റസ്, ടി. എം. അക്ഷയ്, സോന ഒലീവിയ, പ്രീജിത് ലാല്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലീന തോമസ്, അഥീന സോണി ആന്റണി, ശ്രീഷ്മിത എസ് കുമാര്‍, ലക്ഷ്മി രാമദാസ്, റെനു റോയ്, റിച്ചിന്‍ ജോയ്, ഗ്രെബി തോമസ്, ജേക്കബ് തോംസണ്‍ എന്നിവരായിരുന്നു അവതാരകര്‍.

കൂടുതല്‍ വ്യത്യസ്തതയും വൈവിധ്യവുമായി വരുംവര്‍ഷങ്ങളിലും മഹാഓണം ആഘോഷിക്കുമെന്നും റിമി ടോമി, വിധു പ്രതാപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതുള്‍പ്പെടെ വിവിധ ഷോകള്‍ കാനഡയില്‍ ഒരുക്കുമെന്നും ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിഇഒ ജെറിന്‍ രാജ് അറിയിച്ചു.