ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ 644-ാമത് പ്രാര്‍ത്ഥനാ സംഗമം സമാപിച്ചു

By: 600002 On: Sep 16, 2026, 2:33 PM


 

പി പി ചെറിയാന്‍

ഓസ്റ്റിന്‍(ടെക്‌സസ്): 2026 സെപ്റ്റംബര്‍ 15-ന് നടന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (ഐ.പി.എല്‍)കുടുംബത്തിന്റെ 644-ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമം അനുഗ്രഹപ്രദമായി പര്യവസാനിച്ചു. ആഗോളതലത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. 

ഡിട്രോയിറ്റില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവല്‍ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഓസ്റ്റിനില്‍ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ വേദപുസ്തകത്തില്‍ നിന്നുള്ള 1 രാജാക്കന്മാര്‍ 19:1-13 വരെയുള്ള വാക്യങ്ങള്‍ ഓസ്റ്റിനിലെ സാബു ടി. ചെറിയാന്‍ വായിച്ചു.

യോഗത്തില്‍ ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യന്‍ മുഖ്യസന്ദേശം നല്‍കി. 'കര്‍മ്മേലില്‍ നിന്ന് മരുഭൂമിയിലേക്ക്  ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം. ആത്മീയ ക്ഷീണം എല്ലായ്‌പ്പോഴും അവിശ്വാസത്തിന്റെ ഫലമല്ലെന്നും, വലിയ വിശ്വസ്തതയ്ക്കു ശേഷവും അത് ഉണ്ടാകാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ ശക്തി അവസാനിക്കുന്നിടത്ത് ദൈവത്തിന്റെ സാന്നിധ്യം അവസാനിക്കുന്നില്ലെന്നും, നിശ്ശബ്ദ നിമിഷങ്ങളില്‍ ദൈവത്തിന്റെ മൃദുസ്വരം തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

ദൈവത്തെ ആടംബര പ്രകടനങ്ങളിലേക്ക് ചുരുക്കരുത്: കാറ്റിലും ഭൂകമ്പത്തിലും തീയിലും യഹോവ ഉണ്ടായിരുന്നില്ല; പിന്നീട് കേട്ട ഒരു മൃദുസ്വരത്തിലാണ് ദൈവം സംസാരിച്ചത്. ദൈവത്തെ വലിയ ശബ്ദങ്ങളില്‍ മാത്രം അന്വേഷിക്കാതെ, നമ്മുടെ ജീവിതത്തിലെ നിശ്ശബ്ദ നിമിഷങ്ങളില്‍ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാന്‍ നാം പഠിക്കണം.

മരുഭൂമി ഏലിയാവിന്റെ അവസാന ലക്ഷ്യമായിരുന്നില്ല; അതൊരു പുതിയ ദൗത്യത്തിനായുള്ള ഒരുക്കമായിരുന്നു. നമ്മുടെ യാത്ര കര്‍മ്മേലില്‍ നിന്ന് മരുഭൂമിയിലേക്ക് മാറിയാലും, ദൈവം നമ്മോടൊപ്പമുണ്ട്. ഈ വചനം വായിക്കുമ്പോള്‍, ഏലിയാവിനോടൊപ്പം മരുഭൂമിയില്‍ നടന്ന ദൈവത്തെ നമുക്കും കാണാം.അച്ചന്‍ ഓര്‍മിപ്പിച്ചു

തുടര്‍ന്ന് ലോകസമാധാനത്തിനും വിവിധ രാജ്യങ്ങളിലെ പ്രതിസന്ധികള്‍ക്കും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു. ഹൂസ്റ്റണില്‍ നിന്നുള്ള ഏബ്രഹാം കെ. ഇട്ടിച്ചെറിയ ഇതിന് നേതൃത്വം നല്‍കി. ഇസ്രായേല്‍ - ഗാസ, മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍ - റഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.

യോഗത്തിന്റെ ഒടുവില്‍ ഹൂസ്റ്റണിലെ ഐ പി എല്‍ കോര്‍ഡിനേറ്റര്‍   ടി.എ. മാത്യു നന്ദി രേഖപ്പെടുത്തുകയും അടുത്ത ആഴ്ചയിലെ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍), ജോസഫ് ടി. ജോര്‍ജ് (രാജു, ഹൂസ്റ്റണ്‍) എന്നിവര്‍ മീറ്റിംഗിന്റെ സാങ്കേതിക ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ചു.

അടുത്ത സംഗമം: 645-ാമത് ഐ.പി.എല്‍. പ്രാര്‍ത്ഥനാ സംഗമം 2026 സെപ്റ്റംബര്‍ 22-ന് നടക്കും. ഡാളസില്‍ നിന്നുള്ള ശ്രീമതി ഷൈജ എല്‍ധോസ് അന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.