വ്യവസായ നിക്ഷേപം കൂട്ടാൻ വൻ നികുതി ഇളവുകളുമായി കാനഡ; 'മെഗാ ഡിഡക്ഷൻ' പദ്ധതി പ്രഖ്യാപിച്ച് മാർക്ക് കാർണി

By: 600110 On: Sep 16, 2026, 12:22 PM

കാനഡയിൽ ബിസിനസ് നിക്ഷേപങ്ങൾ വൻതോതിൽ ഉയർത്താനും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടാനുമായി വൻ നികുതി ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. 'കാനഡ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റിൽ' വെച്ചാണ് ബിസിനസ് മേഖലയ്ക്ക് പുതിയ ജീവൻ നൽകുന്ന 'പ്രൊഡക്ടിവിറ്റി മെഗ ഡിഡക്ഷൻ' പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്.

പുതിയ പദ്ധതി അനുസരിച്ച് യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, ക്ലീൻ എനർജി, സീറോ-എമിഷൻ വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ കമ്പനികൾ നടത്തുന്ന പുതിയ നിക്ഷേപങ്ങളുടെ മുഴുവൻ തുകയും നികുതിയിൽ നിന്ന് പൂർണ്ണമായി എഴുതിത്തള്ളാം. കഴിഞ്ഞ ബജറ്റിൽ കൊണ്ടുവന്ന പദ്ധതിയുടെ വിപുലീകരിച്ച രൂപമാണിത്. മുൻപ് 15 ശതമാനം നിക്ഷേപങ്ങൾക്ക് മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം, പുതിയ പ്രഖ്യാപനത്തോടെ രാജ്യത്തെ മൂന്നിൽ രണ്ട് ഭാഗത്തിനും ലഭ്യമാകും.

ജി-7 രാജ്യങ്ങളിൽ വച്ച് ഏറ്റവും മികച്ച നിക്ഷേപ അന്തരീക്ഷമുള്ള രാജ്യമായി കാനഡയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ഇളവുകൾ വരുന്നതോടെ കാനഡയിലെ ബിസിനസുകൾക്കുമേലുള്ള ഫലപ്രദമായ നികുതി നിരക്ക്  13 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി കുറയും. ജി-7 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
നിക്ഷേപിക്കുന്ന തുക ഉടനടി നികുതി ഇളവുകളിലൂടെ തിരികെ ലഭിക്കുന്നത് പുതിയ പ്രോജക്ടുകളിൽ കൂടുതൽ പണം മുടക്കാൻ കമ്പനികളെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ആഗോള വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനികൾ കാനഡ വിട്ടുപോകാതിരിക്കാനും ഇത് സഹായകരമാകും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 3,600 കോടി കനേഡിയൻ ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഇതിലൂടെയുണ്ടാവുക. എങ്കിലും വെറുതെ നികുതി വെട്ടിക്കുറയ്ക്കുന്നതിനേക്കാൾ, രാജ്യത്ത് യഥാർത്ഥത്തിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്ന കമ്പനികൾക്ക് മാത്രം ഇത്തരം ഇളവുകൾ നൽകുന്നത് സാമ്പത്തിക രംഗത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.