രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്ര: വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്

By: 600002 On: Sep 16, 2026, 11:02 AM



പി പി ചെറിയാന്‍

ചിക്കാഗോ: തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെച്ചെല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. 'പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്... കേട്ടോ!' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്തംബര് 14 തിങ്കളാഴ്ച ചിക്കാഗോയില്‍ നിന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ നൂറുദിനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍, ജനങ്ങള്‍ പവര്‍ക്കട്ടില്‍ ബുദ്ധിമുട്ടുമ്പോള്‍ മന്ത്രിയും ഭരണകക്ഷി നേതാക്കളും അമേരിക്കയില്‍ ഉല്ലാസയാത്രയിലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല നേരിട്ടെത്തിയത്.

ഈ യാത്ര തികച്ചും വ്യക്തിപരമാണെന്നും സര്‍ക്കാര്‍ ഖജനാവിലെ പണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘാടകരുടെ ചെലവിലാണ് താന്‍ അമേരിക്കയിലെത്തിയത്. നിലവില്‍ ഷിക്കാഗോയിലാണെന്നും, കുടുംബത്തോടൊപ്പം എത്തിയത് ദീര്‍ഘകാല സുഹൃത്തിന്റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

'ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണുമായി എനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഞാനും കുടുംബവുമെത്തിയത്. ഷിക്കാഗോയിലെത്തിയപ്പോള്‍ പ്രവാസി മലയാളികളുമായി സംവദിക്കാനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും സാധിച്ചു. കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു,' രമേശ് ചെന്നിത്തല വ്യക്തമാക്കി.