കാനഡയിൽ പൗരന്മാർക്കായി സൗജന്യ എഐ  പരിശീലന കോഴ്സ് 

By: 600110 On: Sep 15, 2026, 2:00 PM

 

എഐ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രത്യാഘാതങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി സൗജന്യ ഓൺലൈൻ കോഴ്സുമായി കനേഡിയൻ സർക്കാർ. 'നാഷണൽ എഐ ലിറ്ററസി ഇനിഷ്യേറ്റീവ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾ, ജോലി അന്വേഷിക്കുന്നവർ ഉൾപ്പെടെയുള്ള സാധാരണക്കാർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് കോഴ്സുകളാണ് നൽകുന്നത്. എഐ രംഗത്ത് പൗരന്മാരുടെ അറിവും പ്രായോഗിക മികവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Eൽബെർട്ട മെഷീൻ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി കനേഡിയൻ സർക്കാർ 1.3 കോടി ഡോളറാണ്  വകയിരുത്തിയിരിക്കുന്നത്. സെപ്റ്റംബർ 21 മുതൽ സ്കൂൾ അധ്യാപകർക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി കോഴ്സുകൾ തുടങ്ങും. വിദ്യാർത്ഥികൾക്കായുള്ള മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള അടിസ്ഥാന പഠന കോഴ്സ് തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.

ഇൻസ്ട്രക്ടർമാരുടെ സഹായമില്ലാതെ പഠിതാക്കൾക്ക് സ്വയം പഠിച്ചു തീർക്കാവുന്ന രീതിയിലാണ് ഈ ഡിജിറ്റൽ പാഠ്യക്രമം ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കുമായുള്ള 'എസൻഷ്യൽസ് ഫോർ കനേഡിയൻസ്' എന്ന കോഴ്സ് കാനഡ ജോബ് ബാങ്കിന്റെ ട്രെയിനിങ് ഫൈൻഡർ വഴിയും പ്രദേശിക കമ്മ്യൂണിറ്റി പാർട്ണർമാർ വഴിയും ഈ വർഷം അവസാനത്തോടെ ലഭ്യമാകും. ദിനചര്യകളിലും തൊഴിലിടങ്ങളിലും എഐ വരുത്തുന്ന മാറ്റങ്ങളെ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും നേരിടാൻ ഈ പരിശീലനം ജനങ്ങളെ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.