സെപ്റ്റംബറിൽ തന്നെ മഞ്ഞുവീണ് ആൽബർട്ടയിലെ മലനിരകൾ: കൂടുതൽ പ്രദേശങ്ങളിലേക്ക് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

By: 600110 On: Sep 15, 2026, 1:41 PM

 

കാനഡയിലെ ആൽബർട്ടയിൽ ഇത്തവണ നേരത്തെ തന്നെ മഞ്ഞുകാലമെത്തി. സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെയോടെയാണ് പർവതമേഖലകളിൽ മഞ്ഞുവീഴ്ച തുടങ്ങിയത്. അതേസമയം, പ്രധാന നഗരങ്ങളിലൊന്നും മഞ്ഞുവീഴ്ചയില്ല. ഉയർന്ന മലനിരകളിൽ മാത്രമാണ് നിലവിൽ ഈ കാലാവസ്ഥയുള്ളത്.

നാകിസ്ക റിഡ്ജ്‌ടോപ്പിലെ കാലാവസ്ഥാ കേന്ദ്രത്തിൽ അർദ്ധരാത്രി താപനില -1 ഡിഗ്രി സെൽഷ്യസിലേക്ക് താണു. ശക്തമായ തണുത്ത കാറ്റുകൂടി അടിച്ചതോടെ തണുപ്പ് -7 ഡിഗ്രി വരെയായി അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഞ്ഞുവീഴ്ച വ്യാപിക്കുമെന്ന് കാനഡ പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നൽകി. ബാൻഫ്  മേഖലയിൽ മലനിരകളിൽ കൂടുതൽ താഴത്തെ തലങ്ങളിലേക്ക് (1,700 മീറ്റർ വരെ) മഞ്ഞുവീഴ്ച എത്തും. പീറ്റർ ലൗഗീഡ് പാർക്ക്, കാനനാസ്കിസ് വില്ലേജ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥയായിരിക്കും അനുഭവപ്പെടുക.

ബാൻഫ് സൺഷൈൻ, ലേക്ക് ലൂയിസ് തുടങ്ങിയ സ്കി റിസോർട്ടുകൾ മഞ്ഞുമൂടി മനോഹരമായ കാഴ്ചയായി മാറിയിട്ടുണ്ട്. "മഞ്ഞുകാലത്തെ വരവേൽക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു" എന്ന് സൺഷൈൻ വില്ലേജ് റിസോർട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അതേസമയം, വരും മാസങ്ങളിൽ എഡ്മണ്ടൻ, കാൽഗറി, ലെത്ത്ബ്രിഡ്ജ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.