നിങ്ങൾക്ക് പേടിയാണെങ്കിൽ കാനഡയിൽ ഡ്രൈവ് ചെയ്യരുത്: ടൊറൻ്റോയിലെ 'റോഡ് റേസ്' കണ്ടുഞെട്ടി അമേരിക്കൻ സഞ്ചാരിയുടെ മുന്നറിയിപ്പ്

By: 600110 On: Sep 15, 2026, 11:17 AM

"ഇവിടെ എല്ലാവരും വാഹനം ഓടിക്കുകയല്ല, പറക്കുകയാണ് ഭായ്!"— കാനഡയിലെ ടൊറന്റോയിലെ അതിവേഗ പാതയിലെ നടുക്കുന്ന അനുഭവം വിവരിച്ച് അമേരിക്കൻ വിനോദസഞ്ചാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. "ശരിയായി ഡ്രൈവ് ചെയ്യാൻ അറിയില്ലെങ്കിൽ കാനഡയിൽ വണ്ടിയിറക്കരുത്" എന്ന  മുന്നറിയിപ്പാണ് നോർത്ത് കരോലിന സ്വദേശിയായ സ്റ്റീഫൻ ബെയ്‌ലി തന്റെ ലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്സിന് നൽകുന്നത്. ടൊറന്റോയിലെ വിഖ്യാതമായ ഓക്ക്‌വില്ലെ ഹൈവേ 403-ലൂടെ യാത്ര ചെയ്യവേ ചുറ്റുമുള്ള വാഹനങ്ങളുടെ  വേഗതയും അച്ചടക്കമില്ലായ്മയും കണ്ടാണ് ഈ സന്ദർശകൻ അന്തംവിട്ടത്.

ഒന്റാറിയോയിലെ ഭൂരിഭാഗം ഹൈവേകളിലെയും വേഗപരിധി മണിക്കൂറിൽ 100-ൽ നിന്ന് 110 കിലോമീറ്ററായി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. എന്നാൽ അത് പേപ്പറിൽ മാത്രമാണെന്നും, നിരത്തുകളിൽ വാഹനങ്ങൾ പായുന്നത് മണിക്കൂറിൽ 130 കിലോമീറ്ററിലും അതിലേറെ വേഗതയിലുമാണെന്നും നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ ടൊറന്റോയിലെ സങ്കീർണ്ണമായ 'എക്സ്പ്രസ്-കലക്ടർ' ലെൻ സംവിധാനം കൂടി എത്തുമ്പോൾ തുടക്കക്കാരായ ഡ്രൈവർമാർക്ക് അക്ഷരാർത്ഥത്തിൽ നെഞ്ചിടിപ്പേറുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന  പ്രതികരണം.

സ്റ്റീഫന്റെ വീഡിയോ പുറത്തുവന്നതോടെ കാനഡയിലെ റോഡുകളെച്ചൊല്ലി ഇന്റർനെറ്റിൽ രസകരമായ വാദപ്രതിവാദങ്ങൾ തുടരുകയാണ്.  എന്തായാലും കനേഡിയൻ ഹൈവേകളിലെ ഈ മരണപ്പാച്ചിൽ കണ്ട് പേടിച്ചെങ്കിലും ടൊറന്റോയിലെ പ്രശസ്തമായ ഭക്ഷണവിഭവങ്ങളും ട്രാം യാത്രകളും ആസ്വദിക്കാൻ മറന്നില്ലെന്നും ഈ അമേരിക്കൻ യുവാവ് കൂട്ടിച്ചേർക്കുന്നു.