വാൻകൂവറിൽ സ്റ്റോർ ജീവനക്കാരന് വെടിയേറ്റ സംഭവം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

By: 600110 On: Sep 15, 2026, 11:06 AM

 

വാൻകൂവറിലെ മൗണ്ട് പ്ലസൻ്റ് പ്രദേശത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ ജീവനക്കാരന് വെടിയേറ്റ സംഭവത്തിൽ സംശയമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 6-ന് രാവിലെ മെയിൻ സ്ട്രീറ്റിനും 16-ാം അവന്യൂവിനും സമീപമുള്ള കടയിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി കടയ്ക്കുള്ളിൽ വെച്ച് ജീവനക്കാരനുമായി സംസാരിച്ച ശേഷം അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അലി എന്ന സ്റ്റോർ ജീവനക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ പരിക്കുകൾ ഗുരുതരമായിരുന്നുവെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി പോലീസ്  അറിയിച്ചു. സംഭവത്തിൽ വങ്കൂവർ പോലീസ് മേജർ ക്രൈം സെക്ഷൻ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ ജീവഹാനി വരുത്താൻ ശ്രമിച്ചതിനും അനധികൃത ആയുധ ഉപയോഗത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയതായി വങ്കൂവർ പോലീസ്  അറിയിച്ചു.