ലോകപ്രശസ്തമായ വിൻ്റർ എക്സ് ഗെയിംസ് സാഹസിക കായിക മാമാങ്കത്തിന് കാനഡ ആദ്യമായി വേദിയാകുന്നു. 2027 ഫെബ്രുവരി 19 മുതൽ മൂന്ന് ദിവസങ്ങളിലായി കാൽഗറിയിലെ വിൻസ്പോർട്സ് കാനഡ ഒളിമ്പിക് പാർക്കിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ലോകത്തിലെ മുൻനിര സ്കീയിംഗ്, സ്നോബോർഡിംഗ് താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ ബിഗ് എയർ, നക്കിൾ ഹക്ക്, സ്ലോപ്പ്സ്റ്റൈൽ, സൂപ്പർ പൈപ്പ് തുടങ്ങിയ ആവേശകരമായ മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 15,000 മുതൽ 20,000 വരെ കാണികൾ എത്തുപോകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഈ കായികമേളയിലൂടെ പ്രാദേശിക ടൂറിസം മേഖലയ്ക്ക് 25 ദശലക്ഷം ഡോളറിൻ്റെ വരുമാനം ലഭിക്കുമെന്ന് ടൂറിസം കാൽഗറി സിഇഒ അലീഷ റെയ്നോൾഡ്സ് വ്യക്തമാക്കി. മത്സരങ്ങൾക്ക് പുറമെ 'ലെവിറ്റി', 'സ്റ്റീവ് ഓക്കി' എന്നീ പ്രശസ്ത അന്താരാഷ്ട്ര സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
സ്വന്തം നാട്ടിലേക്ക് എക്സ് ഗെയിംസ് എത്തുന്നതിൻ്റെ ആവേശം കാൽഗറി സ്വദേശിയായ ഫ്രീസ്റ്റൈൽ സ്കീയർ ബ്രെണ്ടൻ മക്കെയ്, സ്നോബോർഡർ ക്രെയ്ഗ് മക്മോറിസ് തുടങ്ങിയ പ്രമുഖ കനേഡിയൻ താരങ്ങൾ പങ്കുവെച്ചു. വരുന്ന തലമുറയിലെ കായികതാരങ്ങൾക്ക് ഈ ഇവൻ്റ് വലിയൊരു പ്രചോദനമാകുമെന്ന് മക്കെയ് അഭിപ്രായപ്പെട്ടു. 2026-ൽ നിലവിൽ വന്ന പുതിയ ലീഗ് ശൈലി അനുസരിച്ച്, അത്ലറ്റുകൾ വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം ക്ലബ് ടീമുകൾക്കായും പോയിൻ്റുകൾ നേടേണ്ടതുണ്ട്. ഇത്തവണ വിൻ്റർ ലീഗിൽ മത്സരിക്കുന്ന നാല് പ്രധാന ക്ലബ്ബുകളിൽ ഒന്നായി 'എക്സ് ഗെയിംസ് ക്ലബ് വിസ്ലർ' എന്ന കനേഡിയൻ ടീമും ഉണ്ടാകുമെന്ന് എക്സ് ഗെയിംസ് സിഇഒ ജെറമി ബ്ലൂം അറിയിച്ചു.