നിർമ്മിത ബുദ്ധി അതിവേഗം മുന്നേറുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അത് മനുഷ്യവംശത്തിന് തന്നെ ഭീഷണിയായേക്കാമെന്ന് എഐ ഗവേഷകരും സുരക്ഷാ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ AI മനുഷ്യരാശിയുടെ നാശത്തിന് കാരണമായേക്കാമെന്ന നിരീക്ഷണങ്ങൾ ഉയർന്നതോടെ, എഐ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
എഐ സിസ്റ്റങ്ങൾ വിചാരിച്ചതിലും വേഗത്തിൽ മുന്നേറുകയാണെന്നും വൈകാതെ അവ മനുഷ്യരുടെ നിയന്ത്രണത്തിന് പുറത്തുപോകാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനേക്കാൾ ഉയർന്ന ബുദ്ധിശക്തിയുള്ള 'ആർട്ടിഫിഷ്യൽ സൂപ്പർഇൻ്റലിജൻസ്' യാഥാർത്ഥ്യമായാൽ, അവയുടെ ലക്ഷ്യങ്ങൾ മനുഷ്യരാശിയുടെ നന്മയ്ക്ക് എതിരായേക്കാം. ഇത് മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും പൂർണ്ണമായ അധികാര നഷ്ടത്തിന് വഴിതെളിച്ചേക്കാമെന്നും നൂറിലധികം വിദഗ്ദ്ധർ ചേർന്ന തയ്യാറാക്കിയ അന്താരാഷ്ട്ര എഐ സുരക്ഷാ റിപ്പോർട്ടിലും 'സിഐജിഐ' (CIGI) റിപ്പോർട്ടിലും വ്യക്തമാക്കുന്നു.
എഐ സിസ്റ്റങ്ങൾ നിർമ്മാതാക്കളുടെ ഉദ്ദേശ്യങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നതിൻ്റെ സൂചനകൾ ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. സിസ്റ്റം ഓഫാക്കുന്നത് തടയാൻ ബ്ലാക്ക്‌മെയിൽ തന്ത്രങ്ങൾ വരെ എഐ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എഐ സംവിധാനങ്ങൾ നമ്മുടെ ദൈനംദിന ജീവിതവുമായും സാമ്പത്തിക മേഖലയുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഒരു അടിയന്തിര സാഹചര്യത്തിൽ ഇന്റർനെറ്റോ എഐ സിസ്റ്റങ്ങളോ പെട്ടെന്ന് നിർത്തിവെക്കുന്നത് വലിയ സാമൂഹിക-സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും.
സൈനിക, സുരക്ഷാ മേഖലകളിൽ എഐ ഉപയോഗിക്കുന്നത് യുദ്ധങ്ങൾ കൂടുതൽ തീവ്രമാക്കാനും ആണവ ഭീഷണികൾ വർദ്ധിപ്പിക്കാനും ഇടയാക്കും.
സാങ്കേതികവിദ്യ പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നതിന് മുൻപ് തന്നെ കടുത്ത സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കുക, എഐ സിസ്റ്റങ്ങൾ പെട്ടെന്ന് പ്രവർത്തനരഹിതമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, നിർമ്മാണ കമ്പനികൾക്ക് കൃത്യമായ സുരക്ഷാ ഉത്തരവാദിത്തം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വിദഗ്ദ്ധർ മുന്നോട്ടുവെക്കുന്നത്.
അമേരിക്കൻ സെനറ്റിൽ "എഐ കിൽ സ്വിച്ച് ആക്ട്" ഉൾപ്പെടെയുള്ള നിയമനിർമ്മാണങ്ങൾ ചർച്ചയിലുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ എഐയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ബിൽ. കൂടാതെ, സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കാൻ എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് അന്തിറോപിക് (Anthropic), ഓപ്പൺഎഐ (OpenAI) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികളും വ്യക്തമാക്കുന്നു.