ഇന്ത്യക്കാരുടെ ശരീരത്തിലെ ഒരു ജീന്‍ കൊവിഡ് ഗുരുതരമാക്കുന്നുവെന്ന് പഠനം

By: 600007 On: Nov 5, 2021, 5:28 PM


ദക്ഷിണേഷ്യന്‍ വംശജരില്‍ സാധാരണയായി കാണുന്ന ഒരു ജീന്‍ കോവിഡ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നതായി ബ്രിട്ടനില്‍ നിന്നുള്ള പഠനം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ബ്രിട്ടനിലെ ചില സമൂഹങ്ങളിലും കൊവിഡ് മൂലമുള്ള ഉയര്‍ന്ന മരണ നിരക്ക് ഇത് മൂലമാകാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

കൊവിഡ് മൂലമുള്ള ശ്വാസകോശത്തിലെ രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണമാകുന്ന ഒരു ജീന്‍ ദക്ഷിണേഷ്യന്‍ സമൂഹത്തില്‍പ്പെട്ടവരില്‍ കാണുന്നതായാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള നേച്ചര്‍ ജനറ്റിക്‌സ് എന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അപകട സാധ്യത കൂട്ടുന്ന  LZTFL1 എന്ന ജീന്‍ ദക്ഷിണേഷ്യന്‍ സമൂഹത്തില്‍പ്പെട്ട അറുപത് ശതമാനം പേരിലും കാണുന്നുവെന്നും എന്നാല്‍ ഇതേ ജീന്‍ 15 ശതമാനം യൂറോപ്യന്‍ വംശജരില്‍ മാത്രമാണ് കാണുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

വൈറസിനെതിരെ ശ്വാസകാശത്തില്‍ പ്രതിരോധ സംവിധാനം സജീവമാക്കുന്നത് LZTFL1 എന്ന ജീന്‍ തടയാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതെസമയം ഈ ജീനിന്റെ സാന്നിധ്യം വിവിധ വംശജരെ സ്വാധീനിക്കുന്നത് ഒരു പോലെയല്ല എന്നത് നിര്‍ണായകമായ കണ്ടെത്തലാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫസര്‍ ജെയിംസ് ഡേവിസ് ചൂണ്ടിക്കാട്ടി. ഇത് മൂലമാകാം കൊവിഡ് രോഗം ചിലരില്‍ വളരെ ഗുരുതരമായി ബാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതെസമയം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഈ ജീന്‍ മാറ്റം വരുത്തുന്നില്ല എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇക്കാരണത്താല്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് സഹായിക്കുമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് സഹായിച്ചേക്കുമെന്നും പ്രൊഫസര്‍ ഡേവിസ് പറഞ്ഞു. അത്യാധുനിക മോളിക്യൂലര്‍ സാങ്കേതിക വിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Content highlight: High risk gene common in south asians doubles the risk of covid 19