കാനഡയിൽ തുടർച്ചയായ കവർച്ചകൾ: ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

By: 600110 On: Sep 15, 2026, 10:47 AM

 


കാനഡയിലെ ബ്രാംപ്ടണിൽ പത്തുദിവസത്തിനിടെ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ 22-കാരൻ തീപീന്ദർ സിംഗ് ഘുമൻ പീൽ റീജിയണൽ പോലീസിന്റെ പിടിയിലായി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയെടുത്തത്.

ഓഗസ്റ്റ് 14-നും 24-നും ഇടയിലായിരുന്നു സംഭവങ്ങൾ. സ്റ്റഡി പെർമിറ്റിൽ കാനഡയിലെത്തിയ തീപീന്ദറിൻ്റെ വിസ കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കാനിരിക്കുകയായിരുന്നു. വിസ തീരുന്നതിന് മുൻപ് പരമാവധി പണം തട്ടിയെടുക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. ഓഗസ്റ്റ് 29-നാണ് ഇയാൾ അറസ്റ്റിലായത്. അഞ്ച് കവർച്ചാ കേസുകളും വേഷം മാറി കുറ്റകൃത്യം നടത്തിയതിന് ആറ് കേസുകളും ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രാംപ്ടണിലെ ഒൻ്റാരിയോ കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ ജാമ്യം നൽകാതെ തടങ്കലിൽ വച്ചിരിക്കുകയാണ്.

സന്ദർശക വിസയിലോ മറ്റ് പെർമിറ്റുകളിലോ വിദേശത്തെത്തി കുറ്റകൃത്യങ്ങൾ നടത്തി സ്വന്തം രാജ്യത്തേക്ക് കടക്കുന്ന രീതി 'ക്രൈം ടൂറിസം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മുൻപ് റൊമാനിയൻ സംഘങ്ങൾ സമാന രീതിയിൽ കാനഡയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം പോലീസ് പുറത്തുകൊണ്ടുവന്നിരുന്നു. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.