ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹ്യൂസ്റ്റണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സെപ്റ്റംബര്‍ 6 ഞായറാഴ്ച്ച
വൈകിട്ട് ആറുമണിക്ക് സ്റ്റാഫ്ഫോര്‍ഡിലുള്ള മാഗിന്റെ ഹാളില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം നടത്തപ്പെട്ടത്. കോട്ടയം ക്ലബ് മങ്കമാര്‍ അണിനിരന്ന താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എഴുന്നെള്ളിച്ച് സമ്മേളന ഹാളിലേക്ക്
കൊണ്ടുവന്നതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ തുടങ്ങിയ പരിപാടിയില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഈശ്വര പ്രാര്‍ത്ഥന ആലപിച്ചു. അതിനുശേഷം മാവേലിയേയും വിശിഷ്ടാത്ഥികളെയും ലതീഷ് കൃഷ്ണന്‍ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സുഗു ഫിലിപ്പ്
എത്തിച്ചേര്‍ന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. അതിനുശേഷം മാവേലി തമ്പുരാന്‍ തന്റെ സന്ദേശം ജനങ്ങള്‍ക്ക് നല്‍കി. ആധുനിക ലോകത്തിന്റെ തിരക്കിലും തന്നെ ഓര്‍മ്മിക്കുന്ന തന്റെ ജനത്തിന്റെ സ്‌നേഹത്തിന് അതിരുകളില്ലെന്ന് പറഞ്ഞു.
മുഖ്യാഥിതി സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ റീജിയണല്‍ പ്രസിഡന്റ് എസ് .കെ. ചെറിയാന്‍ , ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ പൊന്നുപിള്ള, കോട്ടയം ക്ലബ് സ്ഥാപക നേതാക്കള്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ ക്ലബ്ബിലെ അംഗങ്ങളായ കലാകാരന്‍മാരും കലാകാരികളും ചേര്‍ന്ന് നടത്തി. ജോന്ന അജിയുടെ നൃത്തവും ആന്‍ഡ്രുസ് ജേക്കബ്, മധു ചേരിക്കല്‍, ലക്ഷ്മി പീറ്റര്‍, വേണുനാഥ്, ബിജു എബ്രഹാം, സുജിത് ഗോപന്‍ എന്നിവരുടെ ഗാനങ്ങളും സുഗു ഫിലിപ്പിന്റെ സ്‌പോട് ഡബ്ബിങ്ങും, പരിപാടിയെ മനോഹരമാക്കി.
തുടര്‍ന്ന് നടത്തപ്പെട്ട കേരള തനിമയില്‍ വേഷം ധരിച്ചെത്തിയ ദമ്പതികളുടെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരം
ആവേശമുയര്‍ത്തികൊണ്ട് നടത്തപ്പെട്ടു. ജോജി ഡോ. ഡോണ്‍സി ദമ്പതികള്‍ ദമ്പതികളുടെ വിഭാഗത്തിലും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രിയാസ് ഷിബുവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സൂരി ഷോണും വിജയികളായി.
വിജയികള്‍ക്ക് മേയര്‍ കെന്‍ മാത്യുസമ്മാനങ്ങള്‍ നല്‍കി. ഇതില്‍ മികച്ച ദമ്പതികളുടെ മത്സരം പരിപാടിയില്‍ ഏറ്റവും മികച്ചതും നിരവധി പേര്‍
പങ്കെടുത്തതുമായിരുന്നു. എം സി യായിരുന്ന ആന്‍ ഫിലിപ്പിന്റെ അവതരണം പരിപാടിയെ മികവുളവാക്കി. ലതീഷ് കൃഷ്ണന്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് സ്വാദിഷ്ടമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.
ഹ്യൂസ്റ്റണിലും സമീപ പ്രദേശത്തുമുള്ള കോട്ടയം നിവാസികളായ നിരവധി ആളുകള്‍ ഓണാഘോഷത്തിന് എത്തിച്ചേര്‍ന്നിരുന്നുകണ്ണുകളെയും കാതുകളെയും ആനന്ദത്തിലാറാടിച്ച ആഘോഷ പരിപാടി ഈ വര്‍ഷവും ഗൃഹാതുരത്വവും നാടിന്റെ സംസ്‌ക്കാരം വിളിച്ചോതുന്നതുമായിരുന്നു. മാത്യു കുര്യാക്കോസ്, ബെന്നി, ബിജു ശിവന്‍, ജോജി ഈപ്പന്‍, ഷിബു കെ മാണി എന്നിവരായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍.